ന്യൂഡൽഹി: ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തങ്ങളുടെ വിഷയമല്ലെന്ന് ഇന്ത്യയിലെ ജർമ്മൻ അംബാസഡർ ഡോ. ഫിലിപ്പ് അക്കെർമാൻ. കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭ്യമായതുകൊണ്ടാണ് ഇന്ത്യൻ സർക്കാർ ആ തീരുമാനമെടുത്തത്. അതിന് ഒരു സർക്കാരിനെയും കുറ്റപ്പെടുത്താനില്ലെന്നും ഫിലിപ്പ് അക്കെർമാൻ പറഞ്ഞു.
ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിന്റെ ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായുളള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഫിലിപ്പ് അക്കെർമാൻ. എന്നാൽ റഷ്യ -യുക്രെയ്ൻ സംഘർഷത്തിന്റെ ചില ഘട്ടങ്ങളിൽ ഇന്ത്യയുടെ ഇടപെടൽ പ്രശ്‌നം പരിഹരിക്കാൻ സഹായിക്കുമെന്ന് കരുതിയിരുന്നു. പക്ഷെ അത് ഈ ഘട്ടത്തിൽ അല്ലെന്നും ഫിലിപ്പ് അക്കെർമാൻ പറഞ്ഞു.
ഒരു പ്രശ്‌നത്തിന് പരിഹാരം വേണമെങ്കിൽ അതിലുൾപ്പെട്ട രണ്ട് കക്ഷികളെയും പരിഹാരത്തിനായി സജ്ജമാക്കുകയാണ് വേണ്ടതെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിൻ കഴിഞ്ഞ ദിവസം പറഞ്ഞതും ഫിലിപ്പ് അക്കെർമാൻ ചൂണ്ടിക്കാട്ടി. സമാധാനമെന്നോ ചർച്ചയെന്നോ ഒന്നും റഷ്യൻ പ്രസിഡന്റ് ഉപയോഗിച്ചിരുന്നില്ല. ഇന്ത്യ നയതന്ത്രരംഗത്ത് ഏറെ വൈദഗ്ധ്യമുളള രാജ്യമാണ്. ഒരു പ്രശ്‌നത്തിൽ ഇടപെടണമെന്നുണ്ടെങ്കിൽ അതിനുളള ഏറ്റവും നല്ല അവസരം ഏതെന്നും അവർക്ക് അറിയാമെന്നും ജർമ്മൻ അംബാസഡർ കൂട്ടിച്ചേർത്തു.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കണമെന്നാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും എന്നാൽ യുക്രെയ്‌നെ പിന്തുണയ്ക്കുന്ന പാശ്ചാത്യ ശക്തികൾ അവർക്ക് പിന്നിൽ നിന്ന് മറ്റ് സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണെന്നും പുടിൻ പറഞ്ഞിരുന്നു.
ഈ മാസം 25 നും 26 നുമാണ് ഒലാഫ് ഷോൾസ് ഇന്ത്യയിലെത്തുക. ഡൽഹിക്ക് പുറമേ ബംഗലൂരുവിലും അദ്ദേഹം സന്ദർശനം നടത്തും. ഉഭയകക്ഷി സന്ദർശനമാണ് നടത്തുന്നതെന്നും ഫിലിപ്പ് അക്കെർമാൻ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തുന്ന ചർച്ചകളിൽ യുക്രെയ്ൻ വിഷയവും ഉണ്ടാകുമെന്നും ഇരുരാജ്യങ്ങളും തമ്മിലുളള വ്യാപാര ബന്ധവും ചർച്ചകളിൽ ഇടംപിടിക്കുമെന്നും ജർമ്മൻ അംബാസഡർ പറഞ്ഞു. ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ രൂപീകരിക്കുന്നതും ചർച്ചയാകും. യുക്രെയ്‌ന്റെ ഭൂമി സംരക്ഷിക്കാൻ അവരെ സഹായിക്കുന്നത് ജർമ്മനി തുടരുമെന്നും ഫിലിപ്പ് അക്കെർമാൻ വ്യക്തമാക്കി.
Discussion about this post