അങ്കാര: അടുത്തിടെ ലോകം കണ്ട ഏറ്റവും ഭയാനകവും വൻ ആൾനാശത്തിനും കാരണമായ ഒന്നായിരുന്നു തുർക്കിയിൽ ഉണ്ടായ ഭൂചലനം. പെട്ടെന്നുണ്ടായ ശക്തമായ ഭൂചലനം രാജ്യത്തെ പിടിച്ചു കുലുക്കി. തുടർച്ചയായി ഉണ്ടായ ഭൂചലനങ്ങൾ തുർക്കിയെ സെക്കന്റുകൾക്കുള്ളിൽ ദുരന്ത ഭൂമിയാക്കി മാറ്റി. പടുകൂറ്റൻ കെട്ടിടങ്ങളും വീടുകളും നിലം പൊത്തി. കല്ലിനും മണ്ണിനും അടിയിൽപ്പെട്ടതാകട്ടെ പതിനായിരങ്ങൾ. തുർക്കിയിൽ ഇതുവരെ 33,000 മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.
അപ്രതീക്ഷിത ദുരിതത്തിൽ രാജ്യത്തിന് കൈത്താങ്ങായത് ഇന്ത്യയാണ്. വിവരം അറിഞ്ഞ ഉടൻ തന്നെ എല്ലാവിധ സഹായങ്ങളും നൽകാൻ സന്നദ്ധത അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത് എത്തി. ഇതിന് പിന്നാലെ ഇന്ത്യയിൽ നിന്നുള്ള ദൗത്യ സംഘം തുർക്കിയിലേക്ക്. 99 അംഗങ്ങളുള്ള ഇന്ത്യൻ സൈനിക മെഡിക്കൽ സംഘവും ഇവർക്കൊപ്പം തുർക്കിയിലേക്ക് പറന്നു. ഭൂചലനം ഉണ്ടാക്കിയ കഠിനമായ പ്രതിസന്ധികളായിരുന്നു ഇവരെ തുർക്കിയിൽ എതിരേറ്റത്. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ ഇവയെല്ലാം തരണം ചെയ്ത് തുർക്കിയിലെ ജനങ്ങൾക്കായുള്ള സേവനം ഇവർ ആരംഭിച്ചു.
കെട്ടിടാവശിഷ്ടങ്ങളിൽ അകപ്പെട്ടവരെ പരിചരിക്കാൻ ഒരു ആശുപത്രി ഉണ്ടാക്കുക എന്നതായിരുന്നു മെഡിക്കൽ സംഘത്തിന്റെ ആദ്യ വെല്ലുവിളി. ഏറെ നേരത്തെ തിരച്ചിലിന് ശേഷം തകരാത്ത ഒരു സ്‌കൂൾ കെട്ടിടം കണ്ടെത്തി. നിമിഷങ്ങൾക്കുള്ളിൽ അവിടെ ആശുപത്രി സജ്ജീകരിച്ചു. 13 ഡോക്ടർമാരായിരുന്നു സംഘത്തിൽ ഉണ്ടായത്. ആദ്യ ദിവസം 10 പേരെയാണ് പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ചത്. പിന്നീടുള്ള ദിവസങ്ങളിൽ പരിക്കേറ്റ് എത്തുന്നവരുടെ എണ്ണവും വർദ്ധിച്ചു.

കാലാവസ്ഥയായിരുന്നു തുർക്കിയിൽ ദൗത്യ സംഘം നേരിട്ട മറ്റൊരു പ്രധാന പ്രതിസന്ധി. മൈനസ് രണ്ട് ഡിഗ്രി താപനിലയിൽ കഴിയേണ്ടിവന്നു. വൈദ്യുതിയില്ലാത്തത് രാത്രികാലങ്ങളിലെ പരിചരണം കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കി. എങ്കിലും പരിക്കേറ്റ് എത്തിയവരെ യാതൊരു കുറവും വരാതെ നോക്കാൻ സംഘത്തിന് കഴിഞ്ഞു. പിന്നീട് എങ്ങനെയൊക്കെയോ വൈദ്യുതി ലഭിച്ചു.
ദുരന്തബാധിതരെ സഹായിക്കാൻ തുർക്കിയിലെ ജനങ്ങളും ഇന്ത്യൻ സംഘത്തിനൊപ്പം കൂടി. ഇത് വലിയ ആശ്വാസമായിരുന്നു എന്നാണ് മെഡിക്കൽ സംഘം പറയുന്നത്. തങ്ങളുടെ ഹോസ്പിറ്റലിന് ഏതാനും കിലോ മീറ്ററുകൾക്കപ്പുറത്ത് മറ്റൊരു സ്‌പെഷ്യാലിറ്റി ആശുപത്രിയുണ്ടായിരുന്നു. എന്നാൽ അവിടേയ്ക്ക് എത്തിക്കാതെ പരിക്കേറ്റവരെ തങ്ങളുടെ ആശുപത്രിയിൽ എത്തിക്കാനായിരുന്നു തുർക്കിയിലെ ജനങ്ങൾ ശ്രദ്ധ പുലർത്തിയിരുന്നത് എന്നും മെഡിക്കൽ സംഘം വ്യക്തമാക്കി.
Discussion about this post