അഹമ്മദാബാദ് : ഹാർദിക് പാണ്ഡ്യയുടെ തകർപ്പൻ ബാറ്റിംഗ് ഇഷാന്ത് ശർമ്മയ്ക്ക് മുന്നിൽ നനഞ്ഞ പടക്കമായപ്പോൾ ഡൽഹിക്ക് ആവേശ ജയം. അവസാന ഓവർ വരെ നീണ്ടു നിന്ന ത്രസിപ്പിക്കുന്ന പോരാട്ടത്തിൽ അഞ്ച് റൺസിനാണ് ഗുജറാത്തിനെ ഡൽഹി പരാജയപ്പെടുത്തിയത്. അവസാന ഓവർ എറിഞ്ഞ ഇഷാന്ത് ശർമ്മയ്ക്ക് മുന്നിൽ ഹാർദിക് പാണ്ഡ്യയും രാഹുൽ തെവാതിയയും റാഷിദ് ഖാനും പകച്ച് നിന്നതോടെയാണ് ഡൽഹിക്ക് ജയം നേടാൻ കഴിഞ്ഞത്.
ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് 23 റൺസിന് 5 വിക്കറ്റുകൾ നഷ്ടമായതിനു ശേഷമാണ് ഭേദപ്പെട്ട സ്കോർ നേടിയത്. ഓൾറൗണ്ടർ അമൽ ഹക്കിം ഖാന്റെ അർദ്ധ സെഞ്ച്വറിയാണ് ഡൽഹിയെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. 27 റൺസെടുത്ത അക്സർ പട്ടേലും 23 റൺസെടുത്ത റിപാൽ പട്ടേലുമാണ് ഡൽഹിയുടെ പ്രധാന സ്കോറർമാർ. ഫാസ്റ്റ് ബൗളർ മൊഹമ്മദ് ഷമി ഗുജറാത്തിനു വേണ്ടി 11 റൺസിന് 4 വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. 32 റൺസ് എടുക്കുന്നതിനിടെ നാല് മുൻനിര ബാറ്റ്സ്മാന്മാർ പവലിയൻ കയറി.അഞ്ചാം വിക്കറ്റിൽ അഭിനവ് മനോഹറിനൊപ്പം ഹാർദിക് പാണ്ഡ്യ 62 റൺസ് കൂട്ടുകെട്ടുണ്ടാക്കി ടീമിനെ കളിയിലേക്ക് മടക്കിക്കൊണ്ടു വന്നു. ഖലീൽ അഹമ്മദിന്റെ പന്തിൽ അഭിനവ് മനോഹർ പുറത്തായതോടെ എത്തിയ രാഹുൽ തെവാതിയ ക്യാപ്ടനൊപ്പം സ്കോർ ചലിപ്പിച്ചു. അവസാന രണ്ട് ഓവറിൽ ജയിക്കാൻ 33 റൺസ് വേണമെന്നിരിക്കെ പത്തൊൻപതാം ഓവർ എറിഞ്ഞ നോർട്ജെയെ തെവാതിയ ഹാട്രിക് സിക്സറുകൾക്ക് തൂക്കി.
അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 12 റൺസ്. പഴയ പടക്കുതിര ഇഷാന്ത് ശർമ്മയുടെ ആദ്യ പന്തിൽ രണ്ട് റൺസ് നേടിയ ഹാർദിക് അടുത്ത പന്തിൽ ഒരു റൺസെടുത്ത് സ്ട്രൈക്ക് തെവാതിയക്ക് കൈമാറി. അടുത്ത പന്ത് 143 കിലോമീറ്റർ സ്പീഡിൽ തെവാതിയയെ കടന്നു പോയി. വൈഡിനായി റിവ്യൂ ചെയ്തെങ്കിലും അനുവദിക്കപ്പെട്ടില്ല. 119 കിലോമീറ്റ സ്പീഡിൽ വേഗത കുറച്ചെറിഞ്ഞ ശർമ്മയുടെ തന്ത്രത്തിൽ തെവാതിയ വീണു. എക്സ്ട്രാ കവറിൽ റോസോയുടെ ക്യാച്ചിൽ തെവാതിയ പുറത്ത്. അവസാന രണ്ട് പന്തിൽ ജയിക്കാൻ വേണ്ടത് 9 റൺസ്.
അഞ്ചാമത്തെ പന്തിൽ ആഞ്ഞു വീശിയ റാഷിദ് ഖാൻ പന്ത് കവറിലേക്ക് പായിച്ചു. ഡൈവ് ചെയ്ത റോസോ ഉറപ്പായ ബൗണ്ടറി തടഞ്ഞതോടെ 2 റൺസ് മാത്രമാണ് റാഷിദിന് നേടാൻ കഴിഞ്ഞത്. അവസാന പന്തിൽ സിക്സർ അടിച്ചാൽ കളി സൂപ്പർ ഓവറിലേക്ക്. ഇഷാന്തിന്റെ 142 കിലോമീറ്റർ വൈഡ് ഫുൾടോസിൽ ബാറ്റ് വെച്ച റാഷിദ് ഖാന് ഒരു റൺ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. ഡൽഹിക്ക് അഞ്ച് റൺസ് വിജയം. അർദ്ധ സെഞ്ച്വറി നേടിയെങ്കിലും ഗുജറാത്ത് ടൈറ്റാൻസ് ക്യാപ്ടൻ ഹാർദിക് പാണ്ഢ്യ ടീമിന്റെ തോൽവിയിൽ കാഴ്ച്ചക്കാരനായി.
Discussion about this post