ശ്രീനഗർ: സ്‌കൂളുകൾ ഉൾപ്പെടെ 57 കേന്ദ്രങ്ങൾക്ക് കൂടി വീരമൃത്യു വരിച്ച സൈനികരുടെയും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും പേരുകൾ നൽകാൻ കശ്മീർ ഭരണകൂടം അനുമതി നൽകി. സ്‌കൂളുകളും റോഡുകളും പാലങ്ങളും ഉൾപ്പെടെ 57 നിർമിതികളുടെ പേര് മാറ്റത്തിനാണ് അനുമതി. ഉധംപൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കേന്ദ്രങ്ങളുടെ പേരുകൾ പുനർനാമകരണം ചെയ്യുക. 23 കേന്ദ്രങ്ങൾക്കാണ് പേരുമാറ്റം.
പൊതുഭരണ വിഭാഗം സെക്രട്ടറി പീയൂഷ് സിംഗ്ലയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. പേര് മാറ്റത്തിന് ഓരോ മേഖലയിലും ഡിവിഷണൽ കമ്മീഷണർമാർ മേൽനോട്ടം വഹിക്കണം. അർഹമായ രീതിയിൽ പൊതുപരിപാടികൾ സംഘടിപ്പിച്ചാകണം പേരുമാറ്റമെന്നും ഡെപ്യൂട്ടി കമ്മീഷണർമാർ ഇത് ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു.
ഗന്ദർബാലിലെ 6 കേന്ദ്രങ്ങളുടെയും ശ്രീനഗർ 5, ഷോപ്പിയാൻ 4, അനന്ത്‌നാഗ്, ബുദ്ഗാം, കുപ് വാര, ബാരാമുളള എന്നിവിടങ്ങളിലെ മൂന്ന് നിർമിതികളുടെയും പേരുകൾ മാറും. പുൽവാമയിലും കുൽഗാമിലും രണ്ട് കേന്ദ്രങ്ങളുടെ പേരുകളാണ് മാറ്റുക. ബന്ദിപ്പോരയിലും സാംബയിലും ഓരോ നിർമിതിയുടെയും പേരുകൾ മാറ്റും.
അനന്ത്‌നാഗിലെ അകൂറ പാലത്തിന് 2021 ഓഗസ്റ്റിൽ കുൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച കോൺസ്റ്റബിൾ നിസാർ അഹമ്മദ് വാഗെയുടെ പേരാണ് നൽകുക. ശ്രീനഗറിൽ നാസിൽ നിന്ന് ഗോണിഖാൻ മാർക്കറ്റിലേക്കുളള ക്രോസ് റോഡിന് കശ്മീരി പണ്ഡിറ്റും ഔഷധവ്യാപാരിയുമായിരുന്ന മഖൻ ലാൽ ബിന്ദ്രുവിന്റെ പേര് നൽകും. 2021 ൽ ശ്രീനഗറിലുണ്ടായ ഭീകരാക്രമണ പരമ്പരയിലാണ് 70 കാരനായ ബിന്ദ്രു വെടിയേറ്റ് മരിച്ചത്.
ഗന്ദർബാലിലെ ദേശീയപാതയ്ക്ക് സമീപമുളള മൈതാനത്തിന് കോൺസ്റ്റബിൾ റമീസ് അഹമ്മദ് ബാബയുടെ പേരാണ് നൽകുക. 2021 ഡിസംബറിൽ ശ്രീനഗറിൽ ഉണ്ടായ ഭീകരാക്രമണത്തിലാണ് റമീസ് അഹമ്മദ് കൊല്ലപ്പെട്ടത്. ജമ്മുവിലെ ആർഎസ് പുരയിലെ സർക്കാർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന് ഫ്‌ളൈറ്റ് ലഫ്. അദ്വിത്യ ബാലിന്റെ പേരാണ് നൽകുക. കഴിഞ്ഞ വർഷം ജൂലൈയിൽ മിഗ് 21 വിമാനം തകർന്ന് മരിച്ച വ്യോമസേനാ പൈലറ്റ് ആണ് അദ്വിത്യ ബാൽ.
സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികത്തിന് മുന്നോടിയായി 2021 ഒക്ടോബർ 30 ന് കശ്മീരിലെ നിരവധി സ്‌കൂളുകളും മറ്റ് ഇടങ്ങളിലും വീരമൃത്യു വരിച്ച സൈനികരുടെയും പ്രമുഖ വ്യക്തികളുടെയും പേരുകൾ നൽകുന്നതിന് കശ്മീർ ഭരണകൂടം അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ ഇടങ്ങളിലെ പേരുമാറ്റത്തിന് കൂടി അനുമതി നൽകിയിരിക്കുന്നത്.
Discussion about this post