ന്യൂഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിന് ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്ത്യയിലെത്തി. രാജ്ഘട്ടിൽ പ്രണാമം അർപ്പിച്ചാണ് ജപ്പാൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് തുടക്കമായത്.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഇന്ത്യയും ജപ്പാനുമായുളള പ്രത്യേക നയതന്ത്ര ആഗോളപങ്കാളിത്തം കൂടുതൽ കരുത്തുറ്റതാക്കാനാണ് തന്റെ സന്ദർശനമെന്ന് ഇന്ത്യയിലേക്ക് തിരിക്കും മുൻപ് ഫുമിയോ കിഷിദ പറഞ്ഞിരുന്നു.
ജി 7 അദ്ധ്യക്ഷപദം ജപ്പാൻ ആണ് അലങ്കരിക്കുന്നത്. ജി 20 ഇന്ത്യയും. അതുകൊണ്ടു തന്നെ ലോകം നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിൽ ഇരുരാജ്യങ്ങളും വഹിക്കുന്ന പങ്കിനെക്കുറിച്ചുളള കാഴ്ചപ്പാടുകൾ പരസ്പരം പങ്കുവെയ്ക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് ഫുമിയോ കിഷിദ വ്യക്തമാക്കി.
ഇൻഡോ- പസഫിക് മേഖലയുടെ സഹകരണവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിന് പുതിയ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും ഈ ചരിത്രമുഹൂർത്തത്തിൽ സ്വതന്ത്രവും തുറന്നതുമായ ഇന്തോ പസഫിക് മേഖലയുടെ ഭാവിക്കായി ഉറച്ച ആശയങ്ങളാണ് വേണ്ടതെന്നും ഫുമിയോ കിഷിദ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തുന്ന ചർച്ചകളിൽ പസഫിക് മേഖലയിലെ ചൈനയുടെ കടന്നുകയറ്റവും വിഷയമാകും.
ജി 20 അദ്ധ്യക്ഷ പദവിയിൽ ഇന്ത്യ മുന്നോട്ടുവെയ്ക്കുന്ന മുൻഗണനാ വിഷയങ്ങളും ജി 7 അദ്ധ്യക്ഷപദവിയിൽ ജപ്പാൻ ഉന്നയിക്കുന്ന വിഷയങ്ങളും ഇരുകൂട്ടരും ചർച്ച ചെയ്യും. പ്രതിരോധ, വ്യാപാര, സുരക്ഷാ, നിക്ഷേപ മേഖലയിൽ കൂടുതൽ സഹകരിക്കുന്നതും ചർച്ചകളിൽ വിഷയമാകും.
Discussion about this post