ന്യൂഡൽഹി; സുപ്രീംകോടതി മുൻ ജസ്റ്റീസും ഭരണഘടനാ ബെഞ്ച് അംഗവുമായിരുന്ന ജസ്റ്റീസ് എസ് അബ്ദുൾ നസീറിനെ ആന്ധ്ര ഗവർണറായി നിയമിച്ചു. ജനുവരി നാലിനാണ് അദ്ദേഹം സുപ്രീംകോടതിയിൽ നിന്നും വിരമിച്ചത്. വിടവാങ്ങൽ ചടങ്ങിൽ ലളിതജീവിതത്തിന്റെ പ്രതീകമായിട്ടാണ് അദ്ദേഹത്തെ ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ് വിശേഷിപ്പിച്ചത്.
ഭരണഘടനാ ബെഞ്ചുകളിൽ അംഗമായിരുന്ന് ഒട്ടേറെ നിർണായക കേസുകളിൽ അദ്ദേഹം വിധി പ്രഖ്യാപനം നടത്തിയിരുന്നു. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന് തടസമില്ലെന്ന് വിധി പറഞ്ഞ ബെഞ്ചിലും 2016 ലെ നോട്ട് നിരോധനത്തിൽ അപാകതയില്ലെന്ന് കണ്ടെത്തിയ ബെഞ്ചിലും അദ്ദേഹം അംഗമായിരുന്നു. മുസ്ലീം സമുദായത്തിലെ നിരവധി സ്ത്രീകളുടെ ജീവിതം ഇരുട്ടിലാക്കിയ മുത്വലാഖ് നിരോധനം ശരിവെച്ച ബെഞ്ചിലും ജസ്റ്റീസ് അബ്ദുൾ നസീർ ഉണ്ടായിരുന്നു.
മുത്വലാഖ് നിരോധിക്കുന്നതിനോട് അദ്ദേഹം വിയോജിച്ചെങ്കിലും ബെഞ്ചിലെ അഞ്ച് അംഗങ്ങളിൽ മൂന്ന് പേരുടെ അനുകൂല നിലപാടോടെ വിധി പ്രഖ്യാപിക്കുകയായിരുന്നു. ജനപ്രതിനിധികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിൽ നിയന്ത്രണം വേണ്ടെന്ന തീരുമാനമെടുത്ത ബെഞ്ചിലും സ്വകാര്യതയ്ക്കുളള അവകാശം പരിഗണിച്ച ബെഞ്ചിലും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമായി. ഒരു ഭിന്നാഭിപ്രായവുമില്ലാതെയാണ് അയോദ്ധ്യകേസിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പ്രഖ്യാപിച്ചത്.
2019 വരെ അദ്ദേഹം പാസ്‌പോർട്ട് പോലും എടുത്തിരുന്നില്ല. ഇക്കാര്യം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് അബ്ദുൾ നസീറിന്റെ ലളിത ജീവിതം അദ്ദേഹത്തിന്റെ യാത്രയയപ്പ് ചടങ്ങിൽ ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടിയത്. അബ്ദുൾ നസീർ ആദ്യ വിദേശയാത്ര നടത്തിയത് ഏതാനും ആഴ്ചകൾക്ക് മുൻപ് മോസ്‌കോയിലേക്കാണെന്നും ചീഫ് ജസ്റ്റീസ് അന്ന് പറഞ്ഞിരുന്നു.
കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ബലുവയിൽ 1958 ജനുവരി അഞ്ചിന് ജനിച്ച അദ്ദേഹം 1983 ഫെബ്രുവരി 18 നാണ് അഭിഭാഷകനായി എൻറോൾ ചെയ്തത്. കർണാടക ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തുവരവേ 2003 മെയ് 12 ന് കർണാടക ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി നിയമിതനായി 2004 സെപ്തംബർ 24 ന് സ്ഥിരം ജഡ്ജിയായും 2017 ഫെബ്രുവരി 17 ന് സുപ്രീംകോടതി ജഡ്ജിയായും നിയമിതനായി. ആന്ധ്രയിൽ മൂന്നര വർഷമായി ഗവർണറായിരുന്ന ബിശ്വ ഭൂഷൺ ഹരിചന്ദന് പകരമാണ് ജസ്റ്റീസ് അബ്ദുൾ നസീർ ചുമതലയേൽക്കുന്നത്. ബിശ്വ ഭൂഷൺ ഹരിചന്ദനെ ഛത്തീസ്ഗഢ് ഗവർണറായിട്ടാണ് രാഷ്ട്രപതി നിയമിച്ചത്.
Discussion about this post