കൊച്ചി: സിനിമ സംഘടനകളിൽ അംഗത്വമുള്ളവരുമായി മാത്രമേ കരാർ ഒപ്പിടുകയുള്ളൂവെന്ന നിർമാതാക്കളുടെ സംഘടനകളുടെ തീരുമാനത്തിന് പിന്നാലെ അമ്മയിൽ അംഗത്വമെടുക്കാൻ യുവതാരങ്ങളുടെ വൻ തിരക്ക്. പുതിയതായി 22 പേരുടെ അപേക്ഷയാണ് അമ്മ എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് ലഭിച്ചിരിക്കുന്നത്. നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസസന്‍, നടി കല്യാണി പ്രിയദര്‍ശന്‍ എന്നിവരടക്കമുള്ള 22 പേരുടെ അപേക്ഷകളാണ് അമ്മയ്ക്ക് മുന്നില്‍ വന്നിട്ടുള്ളത്.
മലയാള സിനിമ താരങ്ങളുടെ പ്രധാന സംഘടനായാണ് അമ്മ. ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരുമായി നിര്‍മ്മാതാക്കള്‍ക്കിടയില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ രൂക്ഷമായതിന് ശേഷമാണ് സിനിമ സംഘടനകളിൽ അംഗത്വമുള്ളവരുമായി മാത്രമേ എഗ്രിമെന്റ് ഒപ്പിടുകയുള്ളൂവെന്ന് പ്രൊഡ്യൂസര്‍മാര്‍ നിലപാട് കടുപ്പിച്ചത്.
അമ്മയുടെ നിയമാവലിയനുസരിച്ച് അപേക്ഷ ലഭിച്ചാൽ എക്സിക്യൂട്ടീവിൽ എല്ലാവരുടെയും അനുമതി ലഭിച്ചാൽ മാത്രമേ അംഗത്വത്തിന് പ്രാഥമികാനുമതി നൽകൂ. ഇത് പിന്നീട് ജനറൽ ബോഡിയിലും അവതരിപ്പിക്കും. 22 പേരുടെ അപേക്ഷകളിൽ 12 പേരുടെ അപേക്ഷയ്ക്ക് എക്സിക്യൂട്ടീവ് അനുമതി നൽകിയെന്നാണ് വിവരം.
സിനിമയിൽ ‘പരിചിതമായ മുഖം’ എന്നതാണ് അമ്മയില്‍ അംഗത്വം നൽകുന്നതിനുള്ള അനൗദ്യോഗികമായ മാനദണ്ഡം.അമ്മയുടെ അംഗത്വം ലഭിക്കാന്‍ ഫീസ് ആയി 2,05,000 രൂപയാണ് താരങ്ങള്‍ നല്‍കേണ്ടത്. ഇതിൽ 36,000 രൂപ ജിഎസ്‌ടിയാണ്.
കോവിഡിന് ശേഷം ആദ്യമായാണ് അമ്മ അംഗത്വം നൽകുന്നത്. രണ്ടോ മൂന്നോ സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തവരും അംഗത്വത്തിന് പതിവായി അപേക്ഷ നൽകാറുണ്ടെങ്കിലും എക്സിക്യൂട്ടീവ് അനുമതി നൽകിയിരുന്നില്ല.
അതേ സമയം ശ്രീനാഥ് ഭാസിയുടെ അംഗത്വ കാര്യത്തിൽ തീരുമാനമായിട്ടില്ല. എന്നാൽ നടന്‍ ഷെയ്ൻ നിഗമിന് ഏര്‍പ്പെടുത്തിയ വിലക്ക് നീങ്ങാനുള്ള സാധ്യതയുണ്ടെന്നാണ് വിവരം.













Discussion about this post