തിരുവനന്തപുരം; എലത്തൂർ ട്രെയിൻ തീവെയ്പ് കേസിലെ പ്രതി ഷഹറൂഖ് സെയ്ഫി പിടിയിലായത് കേന്ദ്ര ഏജൻസികളുടെയും മഹാരാഷ്ട്ര പോലീസിന്റെയും സഹായത്തോടെയെന്ന് ഡിജിപി അനിൽ കാന്ത്. പ്രതി മഹാരാഷ്ട്രയിൽ പിടിയിലായ വാർത്ത പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് വാർത്താസമ്മേളനത്തിലാണ് ഡിജിപി ഇക്കാര്യം അറിയിച്ചത്.
കേരളത്തിൽ നിന്നുളള പോലീസ് സംഘം രത്‌നഗിരിയിൽ എത്തിയിട്ടുണ്ട്. എത്രയും വേഗം പ്രതിയെ കേരളത്തിൽ കൊണ്ടുവരും. മഹാരാഷ്ട്ര ഡിജിപിയുമായി ഉൾപ്പെടെ ഇക്കാര്യത്തിൽ ആശയവിനിമയം നടത്തുന്നുണ്ടെന്ന് ഡിജിപി പറഞ്ഞു. എന്നാൽ കൂടുതൽ കാര്യങ്ങൾ പുറത്തുവിടാൻ അദ്ദേഹം തയ്യാറായില്ല. പ്രതിയെ ചോദ്യം ചെയ്ത ശേഷം മാത്രമേ വിശദമായ വെളിപ്പെടുത്തൽ നടത്താനാകൂവെന്ന് അദ്ദേഹം ആവർത്തിച്ചു.
ഇന്നോവ കാറിലാണ് കേരളത്തിൽ നിന്നുളള പോലീസ് സംഘം രത്‌നഗിനിയിൽ എത്തിയത്. പ്രതിയുമായി വിമാനമാർഗമോ റോഡ് മാർഗമോ വരാനായിരിക്കും സാദ്ധ്യത. റോഡ് മാർഗം മടങ്ങുന്നത് സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാക്കാനുളള സാദ്ധ്യത കണക്കിലെടുത്ത് വിമാനമാർഗം കണ്ണൂരോ കോഴിക്കോടോ എത്തിക്കാനാണ് നീക്കമെന്നാണ് ലഭിക്കുന്ന വിവരം.
രണ്ട് ദിവസം മുൻപാണ് ആലപ്പുഴ – കണ്ണൂർ എക്‌സ്പ്രസിലെ യാത്രക്കാർക്ക് മേൽ എലത്തൂരിൽ വെച്ച് അജ്ഞാതൻ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. പിന്നാലെ ട്രെയിൻ ചങ്ങല വലിച്ച് നിർത്തി അക്രമി രക്ഷപെടുകയും ചെയ്തു. എലത്തൂർ റെയിൽവേ സ്റ്റേഷന് സമീപം ആയിരുന്നു ട്രെയിൻ നിന്നത്. അതിനിടെ തീപിടുത്തം ഉണ്ടായ പരിഭ്രാന്തിയിൽ ട്രെയിനിൽ നിന്നും ചാടിയിറങ്ങിയ ഒരു യുവതിയും ഇവരുടെ സഹോദരിയുടെ കുഞ്ഞും മറ്റൊരാളും പിന്നീട് ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. ഒൻപത് പേർക്കാണ് സംഭവത്തിൽ പൊളളലേറ്റത്.
മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ആണ് പ്രതിയെ പിടികൂടിയത്. മുഖത്ത് പൊളളലേറ്റ ഇയാൾ രത്‌നഗിരി റെയിൽവേ സ്റ്റേഷന് സമീപമുളള ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ മഹാരാഷ്ട്ര പോലീസ് പിടികൂടുകയായിരുന്നു.
Discussion about this post