അമരാവതി: ആന്ധ്രപ്രദേശില്‍ മികച്ച വിജയം നേടി എന്‍ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുന്നതോടെ വന്‍ മാറ്റങ്ങള്‍ക്കാവും ആന്ധ്ര സാക്ഷ്യം വഹിക്കുക. തലസ്ഥാനമായി നിശ്ചയിച്ച അമരാവതിയിലാണ് നായിഡു സത്യപ്രതിജ്ഞ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. വികസന സ്വപ്‌നങ്ങള്‍ പാതിവഴിയില്‍ നിലച്ചു പോയ അമരാവതിക്ക് ഇതോടെ ശാപമോക്ഷം ലഭിക്കും.
2014ല്‍ തെലങ്കാന രൂപീകരിച്ചതിന് പിന്നാലെ ഹൈദരാബാദ് 10 വര്‍ഷം കൂടി ആന്ധ്രയുടെ തലസ്ഥാനമായിരിക്കുമെന്നും 2024 ജൂണ്‍ രണ്ടിന് ഈ കാലാവധി പിന്നിടുമ്പോള്‍ അമരാവതി തലസ്ഥാനമാക്കുമെന്നും അന്ന് മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചിരുന്നു. ഇതിനായി 29 ഗ്രാമങ്ങളില്‍ നിന്നും 30000 ഏക്കര്‍ ഭൂമിയും ഏറ്റെടുത്തിരുന്നു. 50,000 കോടി രൂപ ബഡ്ജറ്റില്‍ ഇവിടെ ടൗണ്‍ഷിപ്പുകളും നഗരങ്ങളും നിര്‍മ്മിക്കാനായിരുന്നു നീക്കം. ഇതോടെ അമരാവതി വന്‍ വികസനമുന്നേറ്റം നടത്തുമായിരുന്നു. എന്നാല്‍ 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ വൈഏര്‍എസ് കോണ്‍ഗ്രസ് ഈ സ്വപ്‌നപദ്ധതിയില്‍ താത്പര്യം കാണിച്ചില്ല. നായിഡു വിഭാവനം ചെയ്ത ഈ പദ്ധതി നടപ്പിലാക്കാന്‍ ജഗന്‍മോഹന്‍ റെഡ്ഡിക്ക് താത്പര്യമില്ലായിരുന്നു. ഇതോടെ അമരാവതിയുടെ വികസന സ്വപ്നങ്ങള്‍ നിലച്ചു. സ്ഥലവില 75 ശതമാനത്തോളം ഇടിഞ്ഞു.
എന്നാല്‍ ഇപ്പോള്‍ ആന്ധ്രയുടെ നേതാവായി ചന്ദ്രബാബു തിരിച്ചെത്തിയതോടെ അമരാവതിയിലെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വന്‍കുതിപ്പാണ് സംഭവിച്ചിരിക്കുന്നത്. സ്ഥലവിലയില്‍ വെറും മൂന്നു ദിവസം കൊണ്ട് 50 മുതല്‍ 100 വരെ ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സ്ഥലം വാങ്ങിക്കൂട്ടാനാണ് റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ പരിശ്രമിക്കുന്നത്. എന്നാല്‍ വില ഇനിയും ഉയരാനുള്ള സാധ്യത മുന്നില്‍ കാണുന്നതിനാല്‍ ആരും വില്‍ക്കാന്‍ തയ്യാറാകുന്നുമില്ല.
74 കാരനായ നായിഡു ഇത് നാലാം തവണയാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇതില്‍ രണ്ടാം തവണയാണ് ആന്ധ്രയുടെ മുഖ്യമന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുന്നത്. 1995 മുതല്‍ 2004 വരെ അവിഭക്ത ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. 2014 ലെ വിഭജനത്തെ തുടര്‍ന്ന് നായിഡു ആന്ധ്രാപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രിയായി. 175 നിയമസഭാ മണ്ഡലങ്ങളില്‍ 164 സീറ്റുകള്‍ നേടിയാണ് ഇത്തവണ ടിഡിപി – ജനസേന-ബിജെപി സഖ്യം അധികാരത്തിലെത്തിയത്.
Discussion about this post