അഗർത്തല: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിൽ കോൺഗ്രസുമൊത്ത് വേദി പങ്കിട്ടും പ്രചാരണം നടത്തിയും സജീവമായി ഇടത് നേതാക്കൾ. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ബൃന്ദാ കാരാട്ട് തുടങ്ങിയ നേതാക്കളാണ് ഇടത് കോൺഗ്രസ് സഖ്യത്തിന് വേണ്ടി വോട്ടഭ്യർത്ഥിച്ച് സംസ്ഥാനത്ത് പര്യടനം നടത്തുന്നത്. സഖ്യത്തിന്റെ ഐക്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഭ്രാന്തിയിലാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.
ത്രിപുരയെയും ഇന്ത്യയെയും രക്ഷിക്കാൻ ബിജെപിയെ പരാജയപ്പെടുത്തണമെന്നും ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കപ്പെടണമോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും ഉൾപ്പെടെയുളള പതിവ് രാഷ്ട്രീയ ആയുധങ്ങളാണ് തിരഞ്ഞെടുപ്പ് വേദികളിൽ യെച്ചൂരി ഉന്നയിക്കുന്നത്. ബിജെപി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അധികാരമുപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് യെച്ചൂരി ആരോപിക്കുന്നു.
ഗുജറാത്തിലും അസമിലും ഉളള സുരക്ഷാസേനാംഗങ്ങളെയാണ് ത്രിപുരയിൽ വിന്യസിച്ചിരിക്കുന്നതെന്നും ഇത് ആശങ്കയുളവാക്കുന്നുവെന്നും കാട്ടി സിപിഎം പോളിറ്റ് ബ്യൂറോ അംഗം നീലോത്പൽ ബസു തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിട്ടുണ്ട്.
ഹപാനിയയിൽ നടന്ന പ്രചാരണ പരിപാടിയിൽ ബിജെപിയെ പരാജയപ്പെടുത്താൻ വോട്ട് ചെയ്യണമെന്നും ജനാനുകൂല സർക്കാരിന്റെ രൂപീകരണം ഉറപ്പ് വരുത്തണമെന്നും യെച്ചൂരി പറഞ്ഞു. മൂന്ന് മണ്ഡലങ്ങളിലെ പ്രചാരണ യോഗമാണ് ഹപാനിയയിൽ നടന്നത്. മനു ബസാർ സബ്‌റൂം സബ് ഡിവിഷനിൽ നടന്ന പ്രചാരണ പരിപാടിയിൽ ബൃന്ദാ കാരാട്ട് കോൺഗ്രസ് നേതാവ് സുധീപ് റോയ് ബർമൻ തുടങ്ങിയവരുമൊത്താണ് വേദി പങ്കിട്ടത്.
കോൺഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കിയതോടെ കേരളത്തിൽ ഉൾപ്പെടെ ഇടതുപക്ഷത്തിന്റെ മുഖം നഷ്ടമായിരിക്കുകയാണ്. ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുളള തിരഞ്ഞടുപ്പ് ധാരണ മാത്രമാണെന്നാണ് സിപിഎമ്മിന്റെ ന്യായീകരണം.
Discussion about this post