എറണാകുളം: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ശിവശങ്കറിനെ വീണ്ടും കോടതിയിൽ ഹാജരാക്കുന്നത്. വിശദമായ അന്വേഷണത്തിനായി വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് സാദ്ധ്യത.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കൊച്ചിയിലെ കോടതിയിൽ എത്തിക്കുക. കേസിൽ ശിവശങ്കർ അറസ്റ്റിലായതിന് പിന്നാലെ നിരവധി പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരെല്ലാം ശിവശങ്കറിന് എതിരായാണ് മൊഴി നൽകിയത്. ഈ സാഹചര്യത്തിലാണ് ഒരിക്കൽ കൂടി കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം ആലോചിക്കുന്നത്. നേരത്തെ അഞ്ച് ദിവസമായിരുന്നു ശിവശങ്കറിനെ കോടതി കസ്റ്റഡിയിൽ വിട്ടത്.
അതേസമയം മുഖ്യമന്ത്രിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സിഎം രവീന്ദ്രനെ ഇൻഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും. ഇതിനായി അടുത്ത ദിവസങ്ങളിൽ നോട്ടീസ് നൽകിയേക്കുമെന്നാണ് സൂചന. കോഴക്കേസിൽ സിഎം രവീന്ദ്രന്റെ പങ്ക് വ്യക്തമാക്കുന്ന വിവരങ്ങൾ ഇഡി ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ രവീന്ദ്രനെതിരെ സ്വപ്‌ന സുരേഷിന്റെ ശക്തമായ മൊഴിയുമുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കം നടക്കുന്നത്. ശിവശങ്കറിനൊപ്പമിരുത്തിയാകും രവീന്ദ്രനെ ചോദ്യം ചെയ്യുക.












