മുംബൈ: മഹാരാഷ്ട്രയിൽ മദ്രസ അദ്ധ്യാപകൻ വിദ്യാർത്ഥിയെ അതിക്രൂരമായി തല്ലിച്ചതച്ചു. താനെയിലെ ഭിവണ്ടിയിലെ മദ്രസയിലാണ് സംഭവം. മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മദ്രസ അദ്ധ്യാപകനെതിരെ പോലീസ് കേസ് എടുത്തു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഖുർആൻ ശരിയായി പഠിക്കാത്തതിന്റെ പേരിലായിരുന്നു ഇയാൾ കുട്ടിയെ മർദ്ദിച്ചത്. ക്ലാസിനിടെ ഇയാൾ കുട്ടിയോട് ചോദ്യം ചോദിച്ചു. എന്നാൽ ഇതിന്റെ മറുപടി കുട്ടിയ്ക്ക് അറിയുമായിരുന്നില്ല. ഇതോടെയാണ് മദ്രസ അദ്ധ്യാപകൻ കുട്ടിയെ മർദ്ദിച്ചത്. വടികൊണ്ടായിരുന്നു ദേഹമൊട്ടാകെയുള്ള മർദ്ദനം. വേദനകൊണ്ട് പുളഞ്ഞകുട്ടി ഇയാളുടെ അടിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇയാൾ വീണ്ടും ക്രൂരമായി മർദ്ദിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. അവസാനം അവശനായ കുട്ടി മറ്റൊരു മദ്രസ അദ്ധ്യാപകന്റെ പക്കലേക്ക് ഓടുന്നു. ഇതോടെയാണ് ഇയാൾ മർദ്ദനം അവസാനിപ്പിച്ചത്.
ക്ലാസ് മുറിയിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ ഇതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇത് പുറത്ത് വന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സംഭവം പോലീസിന്റെയും ശ്രദ്ധയിൽപ്പെട്ടു. ഇതോടെ കേസ് എടുക്കുകയായിരുന്നു. മദ്രസ അദ്ധ്യാപകന്റെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കേസ് എടുത്തതിന് പിന്നാലെ ഇയാൾ ഒളിവിലാണെന്നാണ് സൂചന. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. അതേസമയം സംഭവത്തിൽ പരാതി നൽകുമെന്ന് കുട്ടിയുടെ രക്ഷിതാക്കളും വ്യക്തമാക്കിയിട്ടുണ്ട്.











