പന്തളം; ശബരിമല അയ്യപ്പന്റെ കഥ ചേർത്ത് ഒരുക്കിയ സൂപ്പർഹിറ്റ് സിനിമ മാളികപ്പുറം നൂറാം ദിനത്തിലേക്ക്. ശനിയാഴ്ചയാണ് സിനിമ റിലീസ് ചെയ്ത് നൂറു ദിനം തികയുന്നത്. ഒടിടി റിലീസിന് ശേഷവും സിനിമ പ്രദർശിപ്പിക്കുന്ന നൂറനാട് തിയറ്ററിൽ വിജയാഘോഷം ഒരുക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.
വൈകിട്ട 6.30 നാണ് വിജയാഘോഷം നടക്കുകയെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിളള ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. നൂറനാട് സ്വാതി തിയറ്ററിലാണ് ആഘോഷം. മുഴുവൻ മാളികപ്പുറം ടീമും തിയറ്ററിൽ എത്തുമെന്നും അഭിലാഷ് പിളള അറിയിച്ചു. ഡിസംബർ 30 നാണ് മാളികപ്പുറം കേരളത്തിൽ റിലീസ് ചെയ്തത്.
സമീപകാലത്തെ മലയാള സിനിമയുടെ വിജയചരിത്രം തിരുത്തിക്കുറിച്ച് തുടക്കം മുതൽ തിയറ്ററുകളിൽ മാളികപ്പുറം വലിയ ഹിറ്റായി മാറിയിരുന്നു. കുടുംബപ്രേക്ഷകർ തിയറ്ററിലേക്ക് ഒഴുകുന്ന കാഴ്ചയായിരുന്നു കണ്ടത്. ഉണ്ണി മുകുന്ദനെ നായകനാക്കി അഭിലാഷ് പിളളയുടെ തിരക്കഥയിൽ വിഷ്ണു ശശി ശങ്കർ ആയിരുന്നു മാളികപ്പുറം ഒരുക്കിയത്. ചിത്രത്തിലെ അഭിനേതാക്കളെയും അവർ അവതരിപ്പിച്ച കഥാപാത്രങ്ങളെയും പ്രേക്ഷകർ നെഞ്ചോട് ചേർത്ത് ഏറ്റെടുക്കുകയായിരുന്നു.
ഒടിടി റിലീസിന് ശേഷവും തിയറ്ററിൽ നിറഞ്ഞ സദസിൽ കളിക്കുന്ന മലയാള സിനിമകൾ ഇന്ന് അപൂർവ്വമാണ്. മാളികപ്പുറം അവിടെയും വേറിട്ടു നിൽക്കുന്നു. കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയുമാണ് മാളികപ്പുറം നിർമിച്ചത്. 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച ഉണ്ണിമുകുന്ദന്റെ ആദ്യ ചിത്രമാണിത്. സിനിമയുടെ വിജയവുമായി ബന്ധപ്പെട്ട് ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പെടെ അണിയറ പ്രവർത്തകർ നടത്തിയിരുന്നു.













Discussion about this post