ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ മനീഷ് സിസോദിയയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സിബിഐ ആസ്ഥാനത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമാകും സിസോദിയയുമായി അന്വേഷണ സംഘം കോടതിയിൽ എത്തുക. സിസോദിയയെ കസ്റ്റഡിയിൽ വാങ്ങാനാണ് സിബിഐയുടെ തീരുമാനം.
ഇന്നലെ രാത്രി ഏഴ് മണിയോടെയായിരന്നു മനീഷ് സിസോദിയയുടെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തിയത്. ഇതിന് ശേഷം രാത്രി മുഴുവനും അദ്ദേഹത്തെ ചോദ്യം ചെയ്യുകയായിരുന്നു. അന്വേഷണത്തോട് സഹകരിക്കാതിരുന്ന സിസോദിയ സിബിഐയുടെ ചോദ്യങ്ങൾക്കൊന്നും കൃത്യമായ മറുപടി നൽകിയിട്ടില്ല. മനീഷ് സിസോദിയയെ സിബിഐ കസ്റ്റഡിയിൽ വിടുകയാണെങ്കിൽ മറ്റ് കേന്ദ്ര ഏജൻസികളും ചോദ്യം ചെയ്യും.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും അഴിമതി നിരോധന നിയമത്തിലെയും കർശന വകുപ്പുകളാണ് സിസോദിയയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. പുതിയ മദ്യ നയം രൂപീകരിക്കുന്നതിനായി മദ്യലോബിയിൽ നിന്നും 143.46 കോടി രൂപ സിസോദിയ കൈപ്പറ്റിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
അതേസമയം സിസോദിയയെ അറസ്റ്റ് ചെയ്തതിൽ ഇന്ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് ആംആദ്മിയുടെ തീരുമാനം. എല്ലാ സംസ്ഥാനങ്ങളിലും ബിജെപി ആസ്ഥാനത്തിന് മുൻപിലും ആംആദ്മി പ്രവർത്തകർ പ്രതിഷേധിക്കും.
Discussion about this post