ന്യൂഡൽഹി: ഫീഡ്ബാക്ക് യൂണിറ്റ് സ്‌നൂപിംഗ് കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കനത്ത തിരിച്ചടി. കേസിൽ സിസോദിയയെ ചോദ്യം ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണ സംഘത്തിന് അനുമതി നൽകി. ലഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേനയാണ് ആഭ്യന്തരമന്ത്രാലയത്തിന്റ നിർദ്ദേശ പ്രകാരം സിബിഐയ്ക്ക് ചോദ്യം ചെയ്യുന്നതിനായി അനുവാദം നൽകിയത്.
ഡൽഹി വിജിലൻസ് ഡിപ്പാർട്ട്‌മെന്റിന് കീഴിൽ ആരംഭിച്ച ഫീഡ്ബാക്ക് യൂണിറ്റ് വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ ചോർത്തി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന പരാതിയിലാണ് കേസ്. ആംആദ്മി അധികാരത്തിൽ വന്നതിന് ശേഷം 2015 ൽ മനീഷ് സിസോദിയ ആണ് ഇതിന് തുടക്കം കുറിച്ചത്. സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങൾ തേടുന്നതിനാണ് ഈ വിഭാഗം എന്ന അവകാശവാദം ഉന്നയിച്ചായിരുന്നു ഫീഡ്ബാക്ക് യൂണിറ്റിന്റെ ആരംഭം. എന്നാൽ മറ്റ് പാർട്ടി നേതാക്കളുടേതുൾപ്പെടെയുള്ള വിവരങ്ങൾ ഇത് വഴി ചോർത്തുന്നതായി വ്യക്തമാകുകയായിരുന്നു.
പരാതിയിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ചട്ടങ്ങൾ മറികടന്നുകൊണ്ടാണ് യൂണിറ്റിന്റെ രൂപീകരണം എന്ന് വ്യക്തമായി. 2015 ൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം സഭയിൽ അവതരിപ്പിച്ചത്. എന്നാൽ അജണ്ട നോട്ട് നൽകുകയോ, യൂണിറ്റിന്റെ രൂപീകരണത്തിനായി ലഫ്റ്റന്റ് ഗവർണറിൽ നിന്നും അനുമതി വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമായി. ഇതോടെ വിജിലൻസ് ഡിപ്പാർട്ട്‌മെന്റിന്റെ തലവൻകൂടിയായ സിസോദിയയെ ചോദ്യം ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് സിബിഐ ലഫ്. ഗവർണറെ സമീപിക്കുകയായിരുന്നു.
അഴിമതി നിരോധന നിയമ പ്രകാരമാണ് സിസോദിയയെ ചോദ്യം ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്. അനുമതി ലഭിച്ച സാഹചര്യത്തിൽ തുടർനടപടികളിലേക്ക് അന്വേഷണ സംഘം ഉടൻ കടക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ മദ്യ അഴിമതി കേസിൽ കുരുക്കിലായിരിക്കുകയാണ് സിസോദിയ. ഇതിനിടയിൽ സ്‌നൂപിംഗ് കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾ അദ്ദേഹത്തിന് ഊരാക്കുടുക്ക് ആകുമെന്നാണ് വിലയിരുത്തൽ.
Discussion about this post