ജയ്പൂർ: രാജ്യവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധന തുടർന്ന് എൻഐഎ. രാജസ്ഥാനിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ സംഘം പരിശോധന നടത്തി. യുവാക്കളെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി പ്രേരിപ്പിച്ച കേസിലാണ് പരിശോധന എന്നാണ് റിപ്പോർട്ട്.
ഇന്ന് ഉച്ചയോടെയാണ് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ പരിശോധനയ്ക്കായി എത്തിയത്. സവായ് മോദ്പൂർ, ഭിൽവാർ, ബുണ്ടി, ജയ്പൂർ എന്നിങ്ങനെ ഏഴ് സ്ഥലങ്ങളിലാണ് പരിശോധന. യുവാക്കളെ ഭീകരവാദത്തിലേക്ക് വരാൻ പ്രേരിപ്പിക്കുകയും, പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഇവിടങ്ങളിൽ നിന്നും പിടിയിലായ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ കേസ് എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടിയാണ് പരിശോധന.
കേന്ദ്രങ്ങളിൽ നിന്നും ഡിജിറ്റൽ ഉപകരണങ്ങൾ, എയർ ഗണ്ണുകൾ, മാരകായുധങ്ങൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമേ നിർണായക വിവരങ്ങൾ അടങ്ങിയ രേഖകളും കണ്ടെടുത്തിട്ടുണ്ട്. ഇവയെല്ലാം അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്.
പോപ്പുലർ ഫ്രണ്ടിന്റെ നിരോധനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം സെപ്തംബറിൽ നടത്തിയ പരിശോധനയിൽ സംസ്ഥാനത്ത് നിന്നും നിരവധി പേരാണ് അറസ്റ്റിലായിട്ടുള്ളത്. ഇതിൽ പ്രധാന പ്രവർത്തകരായിരുന്ന ഇമ്രാൻ രംഗ്‌രേശ്, ഹാഫിസ് അബ്രാർ, മുഹമ്മദ് നദീം എന്നിവർക്കെതിരെ എടുത്ത കേസുമായി ബന്ധപ്പെട്ട് ആണ് പരിശോധന.
Discussion about this post