ന്യൂഡൽഹി; ന്യോമ എയർഫീൽഡ് ഒരു ഗെയിം ചേഞ്ചർ ആകുമെന്ന് കേണൽ പോനുങ് ഡോമിംഗ്.നിർണായക സാഹചര്യമുണ്ടായാൽ സൈനിക നീക്കത്തിന് ഏറ്റവും പ്രയോജനം ചെയ്യുന്ന എയർഫീൽഡായിരിക്കും ന്യോമ. അതിർത്തി പ്രദേശങ്ങളിൽ തന്ത്രപ്രധാനമായ കേന്ദ്രങ്ങൾ വികസിപ്പിച്ച് ശക്തമായ മുൻനിര പ്രതിരോധ സംവിധാനം ഒരുക്കുന്നതിനുള്ള സുപ്രധാന നടപടികളാണ് ഇന്ത്യാ ഗവൺമെന്റ് സ്വീകരിച്ചുവരുന്നത്. അത്തരത്തിലുള്ള ഒരു പദ്ധതിയാണ് ‘ന്യോമ എയർഫീൽഡ്’. പ്രവർത്തനക്ഷമമായാൽ ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന സൈനിക നിരീക്ഷണ കേന്ദ്രവും കൂടിയായിരിക്കും ന്യോമ എയർഫീൽഡെന്നാണ് റിപ്പോർട്ടുകൾ.
ന്യോമ എയർഫീൽഡിന്റെ നവീകരണ പദ്ധതിചുമതല കേണൽ പോനുങ് ഡോമിംഗിനാണ്. നവീകരണം പൂർത്തിയായാൽ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള എയർഫീൽഡായിരിക്കും ന്യോമ എയർഫീൽഡ്. ഇവിടെ നിന്നും യഥാർത്ഥ നിയന്ത്രണരേഖയിലേക്ക് വെറും 30 കിലോമീറ്റർ മാത്രമാണ് അകലമുള്ളത്,” പോനുങ് ഡോമിംഗ് പറഞ്ഞു. പർവതപ്രദേശങ്ങളിൽ നിരീക്ഷണം നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേണൽ. ഇപ്പോൾ ലേയിൽ രണ്ട് വിമാനത്താവളങ്ങൾ മാത്രമേയുള്ളൂ, ഈ മൂന്നാമത്തെ എയർഫീൽഡ് തയ്യാറായിക്കഴിഞ്ഞാൽ, ലഡാക്കിലേക്ക് വളരെ ദ്രുതഗതിയിൽ സൈനിക നീക്കം നടക്കും.. ഒപ്പം തദ്ദേശവാസികൾക്ക് തൊഴിൽ സാധ്യതയും വർദ്ധിപ്പിക്കും.”കേണൽ ഡോമിംഗ് പറഞ്ഞു.”
യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് കുറുകെ സ്ഥിതി ചെയ്യുന്ന ചൈനീസ് എയർഫീൽഡുകളുമായി കിടപിടിക്കാൻ തക്ക രീതിയിലാണ് ന്യോമ എയർഫീൽഡിനായുള്ള പദ്ധതിയും തയ്യാറാക്കുന്നത്. ടിബറ്റിലെ ചെപ്‌സിക്ക് സമീപമുള്ള സ്പിതി താഴ്‌വരയിൽ ചൈനയുടെ റാങ്‌ഗ്രിക് എയർഫീൽഡ് വരുന്നു, അവിടെ നിന്ന് ചൈനീസ് സൈന്യം എൽഎസിയിൽ പട്രോളിംഗിനായി വരുന്നുണ്ട്. ഇതിനുള്ള മറുപടിയാണ് ന്യോമ എയർഫീൽഡിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.
214 കോടി രൂപ ചെലവിൽ ആണ് ന്യോമ എയർഫീൽഡ് നവീകരിക്കുന്നത്. സിന്ധുനദീതീരത്തിനടുത്തും ലേയിൽ നിന്ന് 180 കിലോമീറ്റർ തെക്ക്-കിഴക്ക് 13,700 അടി ഉയരത്തിലും സ്ഥിതി ചെയ്യുന്ന ഇത് ലഡാക്ക് പീഠഭൂമിയുടെ ഭാഗമാണ്. ഹെലികോപ്റ്ററുകളും ചെളിയിൽ ഇറങ്ങാൻ കഴിയുന്ന C-130J പോലുള്ള പ്രത്യേക ഓപ്പറേഷൻ വിമാനങ്ങളും ഇതിനകം തന്നെ ന്യോമ എയർഫീൽഡിൽ ഉപയോഗിക്കുന്നുണ്ട്. മിസൈൽ വിക്ഷേപണത്തിനും വിമാനങ്ങളുടെ അറ്റകുറ്റപണിക്കും ഉൾപ്പെടെയുള്ള സമ്പൂർണ്ണ ഫൈറ്റർ ജെറ്റ് ബേസ് ഉണ്ടാക്കാനാണ് കേന്ദ്രസർക്കാരിൻറെ പുതിയപദ്ധതി.
ടെൻഡർ രേഖ പ്രകാരം രണ്ട് വർഷത്തിനുള്ളിൽ നവീകരണം പൂർത്തിയാക്കാനാണ് ബിആർഒയുടെ പദ്ധതി. 1,235 ഏക്കറിലായി വ്യാപിച്ചുകിടക്കുന്നതാണ് എയർഫീൽഡ്. അടിസ്ഥാന സൈനിക സൗകര്യങ്ങളോടുകൂടിയ 2.7 കിലോമീറ്റർ റൺവേയും ഇതിൻറെ ഭാഗമായി വരും. രണ്ട് ദിശകളിൽ നിന്നും വിമാനങ്ങൾക്ക് ഇറങ്ങാൻ കഴിയുന്ന തരത്തിലാണ് ന്യോമയിലെ അലൈൻമെന്റ്.
കാസയ്ക്കടുത്തുള്ള സ്പിതി താഴ്‌വരയിലെ രൻഗ്രിക്കിൽ ഒരു എയർഫീൽഡ് ഉണ്ട് എന്നതാണ് മറ്റൊരു പ്രധാന കാര്യം. ടിബറ്റിലെ എൽഎസിക്ക് കുറുകെയാണ് ചെപ്സി സ്ഥിതി ചെയ്യുന്നത്, ചുമാരിനും ഡെംചോക്കിനും സമീപം പട്രോളിംഗിനായി ചൈനീസ് സൈനികർ വരുന്ന സ്ഥലമാണിത്. ശൈത്യകാലത്ത് മഞ്ഞുവീഴ്ച കാരണം സ്പിതി താഴ്‌വര തടസ്സപ്പെടുന്നതിനാൽ എയർഫീൽഡ് സിവിലിയൻ വിമാനങ്ങളെയും ബന്ധിപ്പിക്കും.
ചൈന പടിഞ്ഞാറൻ അതിർത്തി ലക്ഷ്യമിട്ട് നടത്തുന്ന സൈനിക പദ്ധതികളെ സംബന്ധിച്ച് യുഎസ് ആസ്ഥാനമായുള്ള നയ ഗവേഷണ സ്ഥാപനം റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു. ദി സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് ആണ് റിപ്പോർട്ട് പുറത്തിറക്കിയത്. 37 നിർമ്മാണ പ്രവർത്തനങ്ങളാണ് പടിഞ്ഞാറൻ അതിർത്തിയിൽ ചൈനയുടേതായി പുരോഗമിക്കുന്നത്. 2017 മുതൽ ടിബറ്റിലെയും സിൻജിയാങ്ങിലെയും വിമാനത്താവളങ്ങളും ഹെലിപോർട്ടുകളും ചൈന നവീകരിക്കാൻ പദ്ധതിയിട്ടിരുന്നു. 2020-ൽ ഈ പ്രവർത്തനത്തിന്റെ വേഗതയും ചൈന വർദ്ധിപ്പിച്ചു . ഈ വർഷം മാത്രം, ഏഴ് എയർഫീൽഡുകളാമ് ചൈന പുതിയതായി നിർമ്മിക്കുന്നത്. കൂടാതെ ഏഴ് എയർഫീൽഡുകൾ നവീകരിക്കാനും തുടക്കമിട്ടിട്ടുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.













Discussion about this post