ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും കനത്ത ഹിമപാതം. മഞ്ഞിനുള്ളിൽ അകപ്പെട്ട് ഒരാൾ മരിച്ചു. കുപ്‌വാരയിലെ മച്ചിലിൽ വൈകീട്ടോടെയായിരുന്നു സംഭവം. മഞ്ഞിനുള്ളിൽ അകപ്പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തി.
റിംഗ്ബാല സ്വദേശിയായ അയ്ജാസ് അഹമ്മദ് തന്ത്രി (26)യാണ് മരിച്ചത്. ഇയാൾക്കൊപ്പം ഭാര്യയും ഉണ്ടായിരുന്നു. അപകടത്തിൽ നിന്നും ഭാര്യ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
അയ്ജാസിനും ഭാര്യയ്ക്കും പുറമേ നിരവധി പേരാണ് സംഭവ സമയം സ്ഥലത്ത് ഉണ്ടായിരുന്നത്. മഞ്ഞിനുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
നിലവിൽ ജമ്മു കശ്മീരിൽ കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ അടിക്കടി ഹിമപാതവും അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ ആഴ്ച ഗുൽമാർഗിലുണ്ടായ ഹിമപാതത്തിൽ രണ്ട് വിദേശികൾ മരിച്ചിരുന്നു. ഇവരുൾപ്പെടെ 21 പേരാണ് അപകടത്തിൽപ്പെട്ടത്.
Discussion about this post