പൊൻകുന്നം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിലും കോൺഗ്രസ്- സിപിഎം ധാരണയ്ക്ക് സാദ്ധ്യതയുണ്ടെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിക്ക് എതിരായ കൂട്ടുകെട്ട് ഓരോ സംസ്ഥാനങ്ങളിലുമാണ് നടക്കേണ്ടതെന്ന് പിണറായി പറഞ്ഞു. കോൺഗ്രസും ഇടതുപക്ഷവും കേരളത്തിൽ ഗുസ്തി പിടിക്കുന്നവരും ത്രിപുരയിൽ ദോസ്തുക്കളുമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പൊൻകുന്നത്ത് സിപിഎം വാഴൂർ ഏരിയ കമ്മിറ്റി ഓഫീസ് കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ത്രിപുരയിൽ ആവശ്യമായ തരത്തിലുളള യോജിപ്പുകളാണ് വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക സാഹചര്യമാണ് ത്രിപുരയിൽ ഉണ്ടായത്. അതിന്റെ ഭാഗമായിട്ടാണ് ആ രീതിയിൽ ധാരണയും നീക്കുപോക്കും ഉണ്ടായതും. അമിതാധികാര വാഴ്ച രാജ്യത്ത് കൊടികുത്തി വാണപ്പോൾ അത് അവസാനിപ്പിക്കുന്നതിന് വേണ്ടി രാജ്യം ഒന്നിച്ച് അണിനിരന്നിട്ടുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പ് വരാൻ പോകുകയാണ്. ബിജെപിയെ എതിർക്കാൻ രാജ്യത്താകെ ഏതെങ്കിലും ഒരു മുന്നണി ഉയർന്നുവരാൻ സാദ്ധ്യതയില്ല. ആ ഘട്ടത്തിൽ ഇത്തരം സംസ്ഥാനതലത്തിലുളള നീക്കങ്ങൾ തന്നെയാണ് നടത്താൻ പോകുന്നതെന്ന് പിണറായി പറഞ്ഞു. ഇത് പ്രായോഗികമായ കാര്യമാണെന്ന് രാജ്യത്തെ ബിജെപി വിരുദ്ധരായ രാഷ്ട്രീയ കക്ഷികളെല്ലാം നിലപാട് എടുത്തുകഴിഞ്ഞതായും പിണറായി പറയുന്നു.
ബിജെപിയെ തോൽപിക്കാൻ കൂട്ടുകെട്ട് ഉണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിട്ട ശേഷം വരുന്ന സാഹചര്യത്തിൽ എന്ത് വേണമെന്ന് അപ്പോൾ ആലോചിക്കാമെന്ന കാഴ്ചപ്പാടോടെയാണ് സിപിഎം മുന്നോട്ട് നീങ്ങുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തങ്ങളായ പ്രാദേശിക കക്ഷികളാണ് നിലനിൽക്കുന്നത്. ഇതിൽ പല കക്ഷികളും ഇപ്പോൾ ബിജെപിക്ക് ഒപ്പമല്ല. അത്തരം ശക്തികളെയാകെ ഏകോപിപ്പിക്കുകയാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ബിജെപി വിനാശകരമായ ശക്തിയായി മാറിയെന്ന ആരോപണവും പിണറായി വിജയൻ ഉന്നയിച്ചു. ഇനിയും ഒരു അവസരം ലഭിച്ചാൽ രാജ്യത്തിന്റെ സർവ്വനാശം ഉണ്ടാകും. ത്രിപുരയിൽ ബിജെപിയിൽ നിന്ന് വലിയ തോതിലുളള ആക്രമണം സിപിഎമ്മിന് നേരിടേണ്ടി വന്നതായും പിണറായി ആരോപിച്ചു. നേരത്തെ കോൺഗ്രസ് ത്രിപുരയിൽ സിപിഎമ്മിനെതിരെ കൈക്കൊണ്ട നിലപാടുകളും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇപ്പോൾ കോൺഗ്രസുമായി ധാരണയുണ്ടാക്കിയതോടെ ത്രിപുരയിലെ തിരഞ്ഞെടുപ്പ് രാജ്യം ശ്രദ്ധിക്കുന്ന തിരഞ്ഞെടുപ്പായി മാറിയെന്നും പിണറായി അവകാശപ്പെട്ടു.
Discussion about this post