തിരുവനന്തപുരം: ഭൂചലനം വൻ നാശനഷ്ടമുണ്ടാക്കിയ തുർക്കിയ്ക്കും സിറിയയ്ക്കും എല്ലാ വിധ സഹായവും നൽകാൻ കേരളം സന്നദ്ധരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യൻ നേരിടുന്ന ദുരന്തങ്ങൾ അഗാധമായ ദു:ഖത്തിലാഴ്ത്തുന്നു. ഭൂചലനത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക മന:സാക്ഷിയെ ഞെട്ടിക്കുന്ന പ്രകൃതിദുരന്തമാണ് തുർക്കിയിലും പശ്ചിമ സിറിയയിലും ഉണ്ടായത്. സമാനതകളില്ലാത്ത ദുരന്തമാണിത്. ഭൂമികുലുക്കത്തെ തുടർന്ന് ആയിരക്കണക്കിന് വിലപ്പെട്ട ജീവനുകളാണ് പൊലിഞ്ഞുപോയത്. വൻതോതിലുള്ള നാശനഷ്ടങ്ങളും ഉണ്ടായി. നമ്മുടെ രാജ്യത്തും പ്രകൃതിദുരന്തങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ട്. ലോകത്ത് എവിടെയായാലും മനുഷ്യൻ നേരിടുന്ന ഇത്തരം ദുരന്തങ്ങൾ നമ്മെ അഗാധമായ ദുഖത്തിലാഴ്ത്തുന്നു. എന്നാൽ ഈ അവസരത്തിൽ സ്തബ്ധരായി ഇരിക്കാതെ നമ്മളാൽ കഴിയുന്ന എല്ലാവിധ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഏർപ്പെടുക എന്നതാണ് എക്കാലത്തും നമ്മൾ സ്വീകരിച്ചിട്ടുള്ള രീതിയെന്നും അദ്ദേഹം വ്യക്തമാക്കി.
തുർക്കി – സിറിയയിലെ ഭൂകമ്പബാധിത പ്രദേശങ്ങളിൽ അടിയന്തിര ദുരന്തനിവാരണ പ്രവർത്തനങ്ങളും വൈദ്യസഹായവും എത്തിക്കാൻ നമ്മുടെ രാജ്യം ഇതിനകം തയ്യാറെടുത്തു കഴിഞ്ഞു. ഇക്കാര്യത്തിൽ നമ്മുടെ സംസ്ഥാനത്തെക്കൊണ്ട് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാൻ നാം സന്നദ്ധരാണ്. തകർന്നുപോയ ആ ഭുപ്രദേശത്തെയും ജനതയെയും പൂർവ്വസ്ഥിതിയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ലോകത്തോടൊപ്പം നമ്മുടെ നാടും കൈകോർക്കേണ്ടതുണ്ട്. പ്രകൃതിദുരന്തത്തിൽ മൃതിയടഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. അവരുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കുന്നു. അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു.












