ന്യൂഡൽഹി; സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു ഇന്ന് ജീവിച്ചിരുന്നിരുന്നുവെങ്കിൽ , പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ സന്തോഷിച്ചേനെയെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ പരാമർശം. മുസ്ലീം സഹോദരിമാർക്ക് വേണ്ടി മുത്തലാഖ് കൊണ്ടുവരാൻ നെഹ്രു ആഗ്രഹിച്ചിരുന്നു. എന്നാൽ പല കാരണങ്ങളാൽ ഇന്ത്യയിൽ അത് കൊണ്ടുവരാൻ നെഹ്രുവിന് സാധിച്ചില്ല. എന്നാൽ നരേന്ദ്രമോദി ആഗ്രഹിക്കുക മാത്രമല്ല, അത് പ്രാവർത്തികമാക്കുകയും ചെയ്തുവെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
ആരാണ് മുസ്ലീം സഹോദരിമാർക്ക് വേണ്ടി ഇത് ചെയ്തത്. നെഹ്രു ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം സന്തോഷിക്കുമോ അതോ അസ്വസ്ഥനാകുമോ?നിർഭാഗ്യവശാൽ, നെഹ്റുവിന്റെ പാരമ്പര്യം അവകാശപ്പെടുന്നവർക്ക് ഇത് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇഎംഎസിന്റെ പാരമ്പര്യം അവകാശപ്പെടുന്നവർ പോലും ഇത് മനസിലാക്കുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പിൻഗാമിയായ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഈ നിയമത്തിൽ തെറ്റ് കണ്ടെത്തുകയും മുത്തലാഖിനെ പിന്തുണയ്ക്കുകയും ചെയ്യുന്നത് എത്ര ദയനീയമാണ്. എന്തൊരു ക്രൂരതയാണെന്ന് ഗവർണർ ചോദിക്കുന്നു.
മുസ്ലീം സ്ത്രീകളുടെ ഭാവി തലമുറ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വളരെ നന്ദിയോടെ ഓർക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി മുന്നോട്ട് വയ്ക്കുന്ന ഏകീകൃത സിവിൽകോഡിനെ പിന്തുണയ്ക്കുന്ന മുസ്ലീം ശബ്ദങ്ങളിൽ ഒരാളാണ് താൻ. നിയമത്തെ കുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ചില ശക്തികൾ പ്രവർത്തിക്കുമ്പോൾ, ആ തെറ്റിദ്ധാരണകൾ ഇല്ലാതാക്കാൻ നമ്മൾ കൂടുതൽ മുൻകൈകൾ എടുക്കേണ്ടതുണ്ട്, അവിടെ മാദ്ധ്യമങ്ങളുടെ പങ്ക് പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post