മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്ക് നേരെ ആക്രമണം. അദ്ദേഹത്തിന്റെ സുഹൃത്തിന്റെ വാഹനം എട്ടംഗ സംഘം അടിച്ചു തകർത്തു. മുംബൈയിൽ വച്ചായിരുന്നു അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്.
മുംബൈയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു പൃഥ്വി ഷാ. ഇതിനിടെ അക്രമികളിൽ ഒരാൾ അദ്ദേഹത്തോട് സെൽഫി എടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് പ്രകാരം ഇരുവരും ഒന്നിച്ച് സെൽഫി എടുത്തു. എന്നാൽ അൽപ്പനേരത്തിന് ശേഷം ഇയാൾ മറ്റുള്ള പ്രതികൾക്കൊപ്പം എത്തി വീണ്ടും ഒരു സെൽഫി കൂടി എടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ ബുദ്ധിമുട്ട് ആണെന്ന് പ്രിഥ്വി ഷാ അറിയിച്ചു. പ്രതികൾ വീണ്ടും നിർബന്ധം പിടിച്ചു. ഇതോടെ ഹോട്ടൽ ജീവനക്കാർ എത്തി ഇവരെ ഇറക്കി വിടുകയായിരുന്നു. ഇതിൽ അരിശം പൂണ്ട എട്ടംഗ സംഘം പൃഥ്വി ഷായക്ക് വേണ്ടി ഹോട്ടലിന് മുൻപിൽ കാത്ത് നിന്നു. അദ്ദേഹം പുറത്തിറങ്ങി കാറിൽ കയറാൻ ശ്രമിച്ചപ്പോൾ സംഘം തടഞ്ഞ് നിർത്തുകയായിരുന്നു. തുടർന്ന് കയ്യിൽ കരുതിയ ബാറ്റ് ഉപയോഗിച്ച് കാറിന്റെ ചില്ല് തകർക്കുകയായിരുന്നു. ഇതിന് ശേഷം സുഹൃത്തുക്കളോട് 50,000 രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ബഹളം കേട്ട് ജീവനക്കാർ എത്തി പൃഥ്വി ഷായെ മറ്റൊരു കാറിൽ അവിടെ നിന്നും മാറ്റുകയായിരുന്നു.
സംഭവത്തിൽ ഓഷിവാര പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രധാന പ്രതികളായ സന ഗിൽ, ഷോബിത്ത് താക്കൂർ എന്നിവർക്കെതിരെ കേസ് എടുത്തതായി പോലീസ് അറിയിച്ചു.
Discussion about this post