തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. ജൂൺ 5 ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
അറബികടലിൽ ന്യുന മർദ്ദത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്.
തെക്ക് കിഴക്കൻ അറബികടലിൽ ജൂൺ 5 ഓടെ ചക്രവാതചുഴി ( Cyclonic Circulation ) രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർന്നുള്ള 24 മണിക്കൂറിൽ ഇത് ന്യുന മർദ്ദമായി( Low Pressure Area ) ശക്തി പ്രാപിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും പരക്കെ മഴ ലഭിച്ചേക്കും.
കാലവർഷം ഇന്നെത്തുമെന്ന സൂചനയും കാലാവസ്ഥാ വകുപ്പ് നൽകുന്നുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. മണിക്കൂറിൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാദ്ധ്യതയുണ്ട്.
Discussion about this post