ലക്‌നൗ: ജനങ്ങളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് തുടങ്ങിയ പ്രകൃതി ഭക്ഷണശാല ഉദ്ഘാടനം ചെയ്യാനെത്തിയത് പശുക്കുട്ടി. ലക്‌നൗവിൽ തുടങ്ങിയ ഓർഗാനിക് ഒയാസിസ് എന്ന ഭക്ഷണശാലയാണ് വേറിട്ട ഉദ്ഘാടനത്തിലൂടെ തന്നെ വാർത്തകളിൽ ഇടംപിടിച്ചത്.
പ്രകൃതിദത്ത ഉൽപ്പന്നങ്ങളാൽ തയ്യാറാക്കുന്ന എല്ലാ ഭക്ഷണ വിഭവങ്ങളും ഇവിടെ ലഭിക്കും. രുചിയും ആരോഗ്യവുമാണ് ഇതിലൂടെ പൊതുജനങ്ങൾക്ക് ലഭിക്കുകയെന്ന് റെസ്റ്ററന്റിന്റെ ഉടമസ്ഥർ പറഞ്ഞു. പിസയും ബർഗറുമൊക്കെ പ്രകൃതിദത്ത വിഭവങ്ങൾ കൊണ്ട് ഇവിടെ തയ്യാറാക്കി നൽകും. ബ്രേക്ക് ഫാസ്റ്റും ഡിന്നറും ഉൾപ്പെടെ ഒരുക്കിയിട്ടുണ്ട്.
പ്രത്യേക വേഷവിധാനങ്ങൾ അണിയിച്ച് വിഐപി പരിവേഷത്തോടെയാണ് പശുക്കുട്ടിയെ ഉദ്ഘാനത്തിന് എത്തിച്ചത്. അതിഥികളും റെസ്റ്റോറന്റിലെ ജീവനക്കാരും പശുക്കുട്ടിയെ പുണരുന്നതും വാത്സല്യത്തോടെ തലോടുന്നതും വീഡിയോയിൽ കാണാം.
മുൻ യുപി ഡിഎസ്പി ശൈലേന്ദ്ര സിങ് ആണ് റെസ്റ്ററന്റിന് പിന്നിൽ. കർഷകർക്കും തൊഴിൽ രഹിതർക്കും ഗുണകരമാകുന്ന പദ്ധതികളും റെസ്റ്ററന്റിലൂടെ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിദത്ത ഭക്ഷണം ഉണ്ടാക്കാനുളള വിഭവങ്ങളും ഇവിടെ നിന്ന് ജനങ്ങൾക്ക് വിതരണം ചെയ്യും.
ഫാസ്റ്റ് ഫുഡ്ഡുകളിലൂടെ ജനങ്ങളുടെ ആരോഗ്യം മോശമാക്കുകയും കടയുടമകൾ അമിത ലാഭം കൊയ്യുകയുമാണെന്ന് ശൈലേന്ദ്ര സിങ് ചൂണ്ടിക്കാട്ടി. ഓർഗാനിക് ഒയാസിസിൽ കുറഞ്ഞ വിലയ്ക്ക് മായമില്ലാത്ത ഭക്ഷണസാധനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കും. കർഷകരുടെ ഉൽപ്പന്നങ്ങൾ നേരിട്ട് സ്വീകരിച്ചാണ് റെസ്റ്ററന്റിൽ വിഭവങ്ങൾ തയ്യാറാക്കുന്നതെന്നും ശൈലേന്ദ്ര സിങ് കൂട്ടിച്ചേർത്തു.
Discussion about this post