കായംകുളം; മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ സോളാർ കേസ് അന്വേഷിച്ച റിട്ടയേഡ് ഡിവൈഎസ്പി കെ ഹരികൃഷ്ണനെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് ഏവൂരിലാണ് സംഭവം. രാമപുരത്തെ റെയിൽവെ ലെവൽ ക്രോസിൽ ഇന്ന് പുലർച്ചെയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ട്രാക്കിന് സമീപം നിർത്തിയിട്ടിരുന്ന ഇദ്ദേഹത്തിൻറെ കാറിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടത്തിയതായി വിവരമുണ്ട്. ഇദ്ദേഹം അടുത്തിടെ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
അന്വേഷണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഹരികൃഷ്ണനെതിരെ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ വിജിലൻസ് കേസും ഇദ്ദേഹത്തിനെതിരെ ഉണ്ട്. ഉദ്യോഗസ്ഥൻ താമസിക്കുന്ന ഫ്ളാറ്റിലും കായംകുളത്തും ഹരിപ്പാടുമുള്ള വീടുകളിലും വിജിലൻസ് റെയ്ഡും നടന്നിരുന്നു.
ഹരിപ്പാട് സ്വദേശിയായ ഹരികൃഷ്ണൻ പെരുമ്പാവൂർ ഡിവൈഎസ്പി ആയിരിക്കെയാണ് സോളർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായത്.












