കോട്ടയം: സയ്യിദ് അഖ്തർ മിർസ കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ. വിവാദങ്ങളെ തുടർന്ന് മുൻ ചെയർമാനും സംവിധായകനുമായ അടൂർ ഗോപാലകൃഷ്ണൻ രാജിവച്ച ഒഴിവിലേക്ക് ആണ് മിർസയുടെ നിയമനം. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ചെയർമാൻ ആയിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. മിർസയുടെ നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് മികവിന്റെ കേന്ദ്രമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് വാർത്താസമ്മേളനത്തിൽ ബിന്ദു പ്രതികരിച്ചു. പുതിയ ഡയറക്ടറെ പിന്നീട് തീരുമാനിക്കും. ഇതിനായി ഇൻസ്റ്റിറ്റ്യൂട്ട് സെർച്ച് കമ്മിറ്റിയെ രൂപീകരിക്കും.
ഉച്ചയ്ക്ക് ശേഷം മിർസ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തി വിദ്യാർത്ഥികളുമായി സംസാരിക്കും. വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ മിർസ പറഞ്ഞു. അടൂർ തന്നെ ഉറ്റ സുഹൃത്താണ്. താൻ അദ്ദേഹത്തിന്റെ കടുത്ത ആരാധകനുമാണ്. അദ്ധ്യാപകരുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനത്തെ തുടർന്ന് വിദ്യാർത്ഥികൾ അടൂർ ഗോപാല കൃഷ്ണനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ രാജി.
Discussion about this post