റായ്പൂർ; ഝാർഖണ്ഡിൽ ആക്രമണങ്ങൾ തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ. ഐഇഡി ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ചായിബസ മെരൽഗാഡയിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.
റോഡരികിൽ ഭീകരർ സ്ഥാപിച്ച ഐഇഡിയാണ് പൊട്ടിത്തെറിച്ചത്. സമീപ പ്രദേശത്ത് നിന്നും ജോലി കഴിഞ്ഞ് മടങ്ങിയ തൊഴിലാളികൾ ആയിരുന്നു അപകടത്തിൽപ്പെട്ടത്. ജോലി പൂർത്തിയാക്കിയ ശേഷം നടന്നുവരുന്നതിനിടെ ഭീകരർ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിക്കുകയായിരുന്നു.
പരിക്കേറ്റവരെ ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരും പോലീസും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഗോയിൽകേര പോലീസ് സ്‌റ്റേഷൻ പരിധിയിൽ ആണ് മെരൽഗാഡ ഗ്രാമം.
കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ രണ്ട് പോലീസുകാർ വീരമൃത്യുവരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശവാസികൾക്ക് നേരെ ആക്രമണം ഉണ്ടാക്കുന്നത്. സംസ്ഥാനത്തെ അന്തരീക്ഷം കലുഷിതമാക്കുന്നതിനുള്ള ശ്രമങ്ങളാണ് കമ്യൂണിസ്റ്റ് ഭീകരർ നടത്തുന്നത്.
കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി നിരവധി വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ഇതാണ് ഭീകരരെ ചൊടിപ്പിക്കുന്നത് എന്നാണ് സൂചന. വരും ദിവസങ്ങളിലും കമ്യൂണിസ്റ്റ് ഭീകരർ ഇത്തരത്തിൽ ആക്രമണം അഴിച്ചുവിടാൻ സാദ്ധ്യതയുണ്ടെന്നാണ് നിഗമനം.
Discussion about this post