ന്യൂഡൽഹി: എലത്തൂർ ട്രെയിൻ തീവെയ്പ് കേസിൽ മഹാരാഷ്ട്രയിൽ പിടിയിലായ ഷഹറൂഖ് സെയ്ഫിയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ പുറത്തുവരവേ സംഭവത്തിന്റെ ദുരൂഹതയും വർദ്ധിക്കുന്നു. 2019 ൽ പൗരത്വ നിയമഭേദഗതിയുടെ മറവിൽ ഡൽഹിയിൽ കലാപമുണ്ടാക്കാൻ ലക്ഷ്യമിട്ട് പ്രതിഷേധങ്ങൾ നടന്ന ഷഹീൻ ബാഗിലാണ് ഇയാളുടെ വീട്. എലത്തൂരിലെ ട്രെയിൻ തീവെയ്പ് കേസ് സാധാരണ സംഭവമല്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത് പോലീസിന് നൽകുന്നത്. ഇടുങ്ങിയ വഴികൾ ഉളള ഷഹീൻ ബാഗിലെ കോളനികൾ വിധ്വംസക പ്രവർത്തനങ്ങൾക്ക് കുപ്രസിദ്ധി നേടിയ ഇടങ്ങളാണ്.
2019 ഡിസംബറിലും 2020 മാർച്ചിലും നടന്ന പ്രതിഷേധങ്ങളോടെയാണ് ഷഹീൻ ബാഗിലെ തീവ്രവാദ ശക്തികളുടെ സാന്നിദ്ധ്യം പുറംലോകമറിഞ്ഞത്. ഗതാഗതം ഉൾപ്പെടെ തടഞ്ഞ് നടത്തിയ പ്രതിഷേധങ്ങളുടെ തീവ്രവാദ സ്വഭാവം ഇതുമായി ബന്ധപ്പെട്ട കേസുകളിൽ ഡൽഹി പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ പ്രതിഷേധങ്ങൾക്ക് പോപ്പുലർ ഫ്രണ്ടിന്റെ ഫണ്ടിംഗ് ഉണ്ടായിരുന്നതായും ഡൽഹിയെ കലാപത്തിലേക്ക് തളളിവിടുകയായിരുന്നു ലക്ഷ്യമെന്നും അന്വേഷണങ്ങളിൽ കണ്ടെത്തിയിരുന്നു.
പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ ഷഹീൻ ബാഗിൽ ഡൽഹി പോലീസ് പൂട്ടി സീൽ വെച്ചത് അവരുമായി ബന്ധപ്പെട്ട മൂന്ന് ഓഫീസുകളാണ്. പോപ്പുലർ ഫ്രണ്ടിന്റെയും അവരുടെ അനുബന്ധ സംഘടനകളായ ഓൾ ഇന്ത്യ ഇമാംസ് കൗൺസിലിന്റെയും റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെയും ഓഫീസുകളായിരുന്നു ഇത്. പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധങ്ങൾ നടന്ന 13 എ റോഡിന് സമീപം എഫ് ബ്ലോക്കിലാണ് പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളും പ്രവർത്തിച്ചിരുന്നത്.
ഷഹീൻ ബാഗ് പോലീസിനൊപ്പമാണ് പുലർച്ചെ കേരള പോലീസിന്റെ സംഘം ഷഹറൂഖ് സെയ്ഫിയുടെ വീട്ടിലെത്തിയത്. 24 കാരനായ ഇയാളെ മാർച്ച് 31 മുതൽ കാണാതായതായി വീട്ടുകാർ പറയുന്നു. ഷഹീൻ ബാഗ് പോലീസിൽ മാൻ മിസിംഗ് പരാതിയും നൽകിയിരുന്നു. ഷഹറൂഖ് സെയ്ഫി ഏതെങ്കിലും തരത്തിൽ തീവ്രവാദ സംഘടനകളിലോ വ്യക്തികളിലോ ആകൃഷ്ടനായിരുന്നോ എന്നതാണ് പോലീസ് പ്രധാനമായും ഇവരിൽ നിന്ന് തേടിയ വിവരം.
ഇടുങ്ങിയ വഴിയുടെ ഓരത്ത് രണ്ട് മുറികൾ ഉളള ചെറിയ ഫ്‌ലാറ്റിന്റെ താഴത്തെ നിലയിലാണ് ഷഹറൂഖും കുടുംബവും താമസിച്ചിരുന്നത്. വീട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം ഷഹറൂഖ് ഉപയോഗിച്ചിരുന്ന മുറി പരിശോധിച്ച പോലീസ് ഇയാളുടെ ഡയറിയും ലഭ്യമായിരുന്ന ചില രേഖകളും പിടിച്ചെടുത്തുവെന്നാണ് വിവരം. വീട്ടുകാരുടെ മൊബൈൽ ഫോണുകളും പരിശോധനയ്ക്ക് വിധേയമാക്കി.
എലത്തൂർ ട്രെയിൻ തീവെയ്പിന് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തെ കൂടുതൽ ബലപ്പെടുത്തുന്നതാണ് വിവരങ്ങൾ. ഇയാൾക്ക് ഏതെങ്കിലും ഭീകര സംഘടനകളുമായി ബന്ധമുണ്ടോയെന്ന വിവരം പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ നിന്നുളള പോലീസ് സംഘത്തിലെ നാല് പേരാണ് ഷഹീൻ ബാഗിലെ ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയത്.
പോലീസ് കണ്ടെടുത്ത ഇയാളുടെ ഡയറി കേസിൽ നിർണായകമാകും. തീവെയ്പ് ഉണ്ടായ എലത്തൂരിലെ ട്രാക്കിന് സമീപം കണ്ടെത്തിയ ബാഗിൽ പോലീസിന് ചില കുറിപ്പുകൾ ലഭിച്ചിരുന്നു. ഇതിലെ കൈയ്യക്ഷരവുമായി ഒത്തുനോക്കുന്നതും കൃത്യം നടത്തിയത് ഷഹറൂഖ് സെയ്ഫി തന്നെയാണോ എന്ന് സ്ഥിരീകരിക്കുന്നതിൽ നിർണായകമാകും.
Discussion about this post