ശ്രീനഗർ : ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ ഇന്ത്യ-പാക് അതിർത്തിയിൽ സ്ഥാപിക്കാൻ തീരുമാനം. രാജ്യത്തിന്റെ മുഴുവൻ അഭിമാനമായ നേതാവിന്റെ പ്രതിമ ഇന്ത്യ-പാകിസ്താൻ നിയന്ത്രണരേഖയ്ക്ക് സമീപത്താണ് സ്ഥാപിക്കുക. അംഹി പുനേക്കർ (വി പുനേക്കർ) എന്ന എൻജിഒയാണ് ഇക്കാര്യം അറിയിച്ചത്. ശത്രുക്കളോട് പോരാടുന്ന സൈനികർക്ക് ഛത്രപതി ശിവാജി മഹാരാജിന്റെ ആദർശങ്ങളിൽ നിന്നും ധാർമ്മിക മൂല്യങ്ങളിൽ നിന്നും പ്രചോദനം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്ന് എൻജിഒ വ്യക്തമാക്കി.
നിരവധി ധീര യോദ്ധാക്കൾ അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. പ്രതിമ സ്ഥാപിക്കുന്നതിലൂടെ സൈനികർ ഹിന്ദു രാജാവിന്റെ ധീരതയെ ഓർക്കും..കശ്മീരിലെ കിരൺ, തങ്ധർ-തിത്വാൾ താഴ്വരകളിൽ നിയന്ത്രണരേഖയ്ക്ക് സമീപം ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് റിപ്പോർട്ടുണ്ട് .
കശ്മീരിലെ കുപ്വാര ജില്ലാ മജിസ്ട്രേറ്റ് ഡോ. സാഗർ ദത്താത്രേയ ഡോയ്ഫോഡെയുടെ അനുമതിയോടെയാണ് പ്രതിമ സ്ഥാപിക്കുന്നത്. ഛത്രപതി ശിവാജി മഹാരാജ് അത്‌കേപർ സ്മാരക സമിതി മേധാവി അഭയ്രാജ് ഷിറോളും ‘വി പുനേക്കർ’ എൻജിഒ പ്രസിഡന്റ് ഹേമന്ത് ജാദവും ചേർന്നാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
ഭൂമി പൂജ മാർച്ച് അവസാനത്തോടെ നടത്തുമെന്ന് ഹേമന്ത് ജാദവ് പറഞ്ഞു. ശിവാജിയുടെ കാൽപ്പാടുകളാൽ വിശുദ്ധമായ റായ്ഗഡ്, തോരണ, ശിവ്‌നേരി, രാജ്ഗഡ്, പ്രതാപ്ഗഡ് കോട്ടകളിൽ നിന്നുള്ള മണ്ണും വെള്ളവും ഭൂമി പൂജയ്ക്കായി കശ്മീരിലേക്ക് കൊണ്ടുപോകും.
ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങൾ ഇന്നും അദ്ദേഹത്തിന്റെ ഗറില്ലാ യുദ്ധ വിദ്യകൾ പിന്തുടരുന്നു. ശിവാജിയുടെ പ്രതിമയിലൂടെയും അതിർത്തിയിലെ സൈനികർക്ക് ആവേശം പകരാനാണ് ഇന്ത്യ-പാക് അതിർത്തിയിൽ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുന്നതെന്നും അഭയ്രാജ് ഷിറോൾ പറഞ്ഞു.
2022 ജനുവരിയിൽ മറാത്ത റെജിമെന്റ് ജമ്മു കശ്മീരിൽ ഛത്രപതി ശിവാജി മഹാരാജിന്റെ രണ്ട് പ്രതിമകൾ സ്ഥാപിച്ചിരുന്നു.
Discussion about this post