ബംഗളൂരു : അവസാനം വരെ ആവേശം അല തല്ലിയ മത്സരത്തിൽ ബംഗളൂരു രോയൽ ചലഞ്ചേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് എട്ടു റൺസ് വിജയം. ചെന്നൈ ഉയർത്തിയ 227 റൺസ് പിന്തുടർന്ന ചലഞ്ചേഴ്സിന് എട്ട് റൺസ് അകലെ കാലിടറുകയായിരുന്നു. ഗ്ലെൻ മാക്സ്‌വെല്ലും ഫാഫ് ഡുപ്ലസിയും തകർപ്പൻ പോരാട്ടം നടത്തിയെങ്കിലും ഉയർന്ന സ്കോർ ചെന്നൈയെ തുണയ്ക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് ഡെവൺ കോൺവോയുടേയും ശിവം ദുബെയുടേയും തകർപ്പൻ ഇന്നിംഗ്സിന്റെ പിൻബലത്തിൽ ആറു വിക്കറ്റിന് 226 റൺസ് നേടി. കോൺവേ 45 പന്തിൽ ആറു വീതം ബൗണ്ടറികളുടേയും സിക്സറുകളുടേയും സഹായത്തോടെ 83 റൺസെടുത്തു. 27 പന്തിൽ അഞ്ച് പടുകൂറ്റൻ സിക്സറുകളുടേയും രണ്ട് ബൗണ്ടറികളുടേയും സഹായത്തോടെയാണ് ശിവം ദുബെ 52 റൺസ് നേടിയത്. അജിങ്ക്യ രഹാനെ 20 പന്തിൽ 37 റൺസെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗളൂരുവിന്റെ രണ്ട് വിക്കറ്റുകൾ 15 റൺസിനിടെ നഷ്ടമായി. തുടർന്ന് 126 റൺസിന്റെ പാർട്ട്ണർഷിപ്പുണ്ടാക്കി ഡുപ്ലസിയും മാക്സ്‌വെല്ലും ബംഗളൂരുവിനെ കളിയിലേക്ക് മടക്കി കൊണ്ടു വന്നു. അടുത്തടുത്ത ഓവറുകളിൽ മാക്സ്‌വെല്ലും ഡുപ്ളസിയും മടങ്ങിയതോടെ ചലഞ്ചേഴ്സിന്റെ വിജയ സാദ്ധ്യത മങ്ങി.14 പന്തിൽ 28 റൺസെടുത്ത ദിനേഷ് കാർത്തിക്ക് പോരാടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല.
36 പന്തിൽ എട്ട് സിക്സറുകളുടേയും 3 ബൗണ്ടറികളുടേയും സഹായത്തോടെ മാക്സ്‌വെൽ 76 റൺസ് നേടി. 33 പന്തിൽ അഞ്ച് ബൗണ്ടറികളും നാല് സിക്സറുകളും അടങ്ങിയതായിരുന്നു 62 റൺസ് നേടിയ ഡുപ്ലസിയുടെ ഇന്നിംഗ്സ്. ഇന്നത്തേതുൾപ്പെടെ മൂന്ന് വിജയം നേടി ചെന്നൈ സൂപ്പർ കിംഗ്സ് മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. അഞ്ച് കളികളിൽ 2 എണ്ണം വിജയിച്ച റോയൽ ചലഞ്ചേഴ്സ് നിലവിൽ ഏഴാം സ്ഥാനത്താണ്.
Discussion about this post