ശ്രീനഗർ: ജമ്മു കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബയുടെ രഹസ്യതാവളം തകർത്ത് സുരക്ഷാ സേന. വൻ ആയുധ ശേഖരം പിടിച്ചെടുത്തു. അനന്തനാഗ് ജില്ലയിലെ രാഖ് മോമിൻ പ്രദേശത്ത് നടത്തിയ പരിശോധനയിലായിരുന്നു രഹസ്യതാവളം കണ്ടെത്തിയത്.
പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി എത്തിയതായിരുന്നു സുരക്ഷാ സേന. ഇതിനിടെ ഭീകരരുടെ രഹസ്യതാവളം കണ്ടെത്തുകയായിരുന്നു. അകത്ത് കയറി നടത്തിയ പരിശോധനയിൽ ലഷ്‌കർ ഇ ത്വയ്ബയുമായി ബന്ധപ്പെട്ട ചില രേഖകൾ ലഭിച്ചു. ഇതോടെ രഹസ്യമായി ഇവിടെ പാർത്തിരുന്നത് ലഷ്‌കർ ഇ ത്വയ്ബ ഭീകരരാണെന്ന് വ്യക്തമാകുകയായിരുന്നു.
സങ്കേതത്തിൽ രഹസ്യ അറ ഉണ്ടാക്കിയായിരുന്നു ഭീകരർ ആയുധങ്ങൾ സൂക്ഷിച്ചിരുന്നത്. ഐഇഡി, ഡിറ്റനേറ്ററുകൾ, പിസ്റ്റലുകൾ, ഗ്രനേഡുകൾ, മഗസിനുകൾ എന്നിവയാണ് പിടിച്ചെടുത്തത്. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ സുരക്ഷാ സേന ഇല്ലാതാക്കുന്ന മൂന്നാമത്തെ ഭീകര താവളം ആണ് ഇത്. മറ്റ് താവളങ്ങളിൽ നിന്നും ആയുധങ്ങളും ലഹരി വസ്തുക്കളും പിടിച്ചെടുത്തിരുന്നു.
Discussion about this post