ലക്‌നൗ: യുപിയിൽ മുൻപ് നിലനിന്നിരുന്നത് കലാപവും ക്രമസമാധാന പ്രശ്‌നങ്ങളുമായിരുന്നുവെന്നും ഇന്ന് സംസ്ഥാനം നിക്ഷേപങ്ങൾ സ്വീകരിക്കാൻ പര്യാപ്തമായ അവസ്ഥയിലെത്തിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. യുപിയിലെ ആഗോള നിക്ഷേപക സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതൊക്കെ കാര്യങ്ങളിലാണോ യുപി പിന്നിലായിരുന്നത് അതെല്ലാം സംസ്ഥാനം ഇപ്പോൾ നേടിയെടുത്തിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
ഒരു സംസ്ഥാനത്തേക്ക് നിക്ഷേപങ്ങൾ വരണമെങ്കിൽ ചില ഘടകങ്ങൾ അനിവാര്യമാണ്. അതിൽ മുഖ്യമാണ് അവിടുത്തെ ക്രമസമാധാനനില. മറ്റൊന്ന് അവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടണം. കൂടാതെ സർക്കാർ വ്യവസായങ്ങളെ ലക്ഷ്യമിട്ടുളള വ്യക്തമായ നയങ്ങൾ രൂപീകരിക്കുകയും നടപ്പിലാക്കുകയും വേണം. ഈ ഘടകങ്ങളെല്ലാം യുപി ഇന്ന് പാലിക്കുന്നുണ്ടെന്ന് അമിത് ഷാ പറഞ്ഞു.
യുപിയിലെ സ്ഥിതി നോക്കിയാൽ നിരാശ തോന്നിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് വ്യ വസായങ്ങളെ ആകർഷിക്കാൻ നിരവധി നയങ്ങൾ യുപി സർക്കാർ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസന മേഖലയിൽ വലിയ നിക്ഷേപങ്ങൾ വന്നുചേർന്ന ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് ഇന്ന് യുപിയെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
ഒരു ചെറിയ ആരോപണം പോലും യോഗി സർക്കാരിനെതിരെ ഉയർന്നിട്ടില്ല. വ്യവസായങ്ങൾക്കും നിക്ഷേപങ്ങൾക്കും അനുകൂലമായ അന്തരീക്ഷമാണ് ഇന്ന് സംസ്ഥാനത്ത് ഉളളതെന്നും അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാവിലെ നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തത്.
Discussion about this post