ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം സ്വയംപര്യാപ്ത ഭാരതത്തിന്റെ ഉയർച്ചയുടെ സാക്ഷിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു കെട്ടിട സമുച്ചയം മാത്രമല്ല, 140 കോടി ഇന്ത്യക്കാരുടെ പ്രതീക്ഷയുടെ അടയാളമാണിതെന്നും ഇന്ത്യയുടെ നിശ്ചയദാർഢ്യമാണ് അത് ലോകത്തിന് നൽകുന്ന സന്ദേശമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്റിന്റെ ഉദ്ഘാടന ചടങ്ങിനിടെ ക്ഷണിക്കപ്പെട്ട സദസിനെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ഓരോ രാജ്യത്തിന്റെയും വികസനയാത്രയിൽ ചില അനശ്വരമായ നിമിഷങ്ങൾ ഉണ്ടാകും. പുതിയ പാർലമെന്റ് മന്ദിരം യാഥാർത്ഥ്യമായ മെയ് 28 ഭാരതത്തിന് അത്തരമൊരു ദിവസമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വർഷങ്ങളുടെ വിദേശാധിപത്യം നമ്മുടെ അഭിമാനത്തെ നമ്മളിൽ നിന്ന് കവർന്നെടുത്തു. ഇന്ന് ഇന്ത്യ ആ കൊളോണിയൽ ചിന്താഗതി ഉപേക്ഷിച്ചുകഴിഞ്ഞതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി പുതിയ പാർലമെന്റിലേക്ക് വന്നതോടെ മോദി മോദി വിളികളുമായിട്ടാണ് എംപിമാർ ഉൾപ്പെടെയുളള അതിഥികൾ അദ്ദേഹത്തെ വരവേറ്റത്. ജനാധിപത്യം നമ്മുടെ സംസ്‌കാരവും ആശയവും പാരമ്പര്യവുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക ജനാധിപത്യത്തിന്റെ അടിസ്ഥാനമാണ് ഭാരതം. ഇന്ത്യയ്‌ക്കൊപ്പം പുതിയ പാർലമെന്റ് മന്ദിരവും ലോകപുരോഗതിക്കായി നിർണായക സംഭാവനകൾ നൽകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പാവനമായ ചെങ്കോൽ പാർലമെന്റിൽ സ്ഥാപിച്ചുകഴിഞ്ഞു. ചോള സാമ്രാജ്യത്തിൽ നീതിയുടെയും ധർമ്മത്തിന്റെയും സദ്ഭരണത്തിന്റെയും പ്രതീകമായിരുന്നു ചെങ്കോൽ. ആ വിശുദ്ധ ചെങ്കോൽ പുനസ്ഥാപിക്കാൻ കഴിഞ്ഞുവെന്നത് നമ്മുടെ ഭാഗ്യമാണ്. പാർലമെന്റ് സമ്മേളനവും നടപടികളും നടക്കുമ്പോൾ ആ ചെങ്കോൽ നമുക്ക് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പഞ്ചായത്ത് കാര്യാലയം മുതൽ സൻസദ് ഭവൻ വരെ നമ്മുടെ പ്രചോദനം രാജ്യം കൈവരിച്ച വികസനവും ഇവിടുത്തെ ജനങ്ങളുമാണ്. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ രാജ്യത്തെ 4 കോടി ദരിദ്ര ജനങ്ങൾക്ക് വീട് നിർമിക്കുവാനും 11 കോടി ജനങ്ങൾക്ക് ശൗചാലയം നിർമിച്ചു നൽകാനുമുളള തീരുമാനം നടപ്പിലാക്കിയ കാര്യം പ്രധാനമന്ത്രി പരാമർശിച്ചു. പുതിയ പാർലമെന്റിലെ ആധുനീക സൗകര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ തന്നെ നമ്മുടെ രാജ്യത്തെ ഗ്രാമങ്ങളെ ബന്ധപ്പെടുത്തി നിർമിച്ച നാല് ലക്ഷം കിലോമീറ്റർ റോഡുകളും തന്നെ സംതൃപ്തനാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അക്ഷീണം, സാഭിമാനം മുന്നോട്ട് എന്ന അർത്ഥം വരുന്ന ഉപനിഷദ് വാക്യമായ ചരൈവേതി, ചരൈവേതി, ചരൈവേതി ഉൾപ്പെടെയുളള പ്രധാനമന്ത്രിയുടെ പല വാക്കുകളും വലിയ കൈയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. പുതിയ പാർലമെന്റ് ഒരു ആവശ്യമായിരുന്നുവെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ഭാവിയിൽ എംപിമാരുടെ എണ്ണവും ഇരിപ്പിടവും വർദ്ധിക്കുന്നത് നമുക്ക് കാണേണ്ടി വരും. അതുകൊണ്ട് തന്നെ ഇത് കാലത്തിന്റെ ആവശ്യമായിരുന്നു. അതാണ് പുതിയ പാർലമെന്റ് നിർമിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post