തിരുവനന്തപുരം : ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ജയം സ്വന്തം പേരിലാക്കി ടീം ഇന്ത്യ. കാര്യവട്ടത്ത് നടന്ന മത്സരത്തിൽ ശ്രീലങ്കയെ 317 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. അയർലൻഡിനെതിരെ 2008 ൽ ന്യൂസിലൻഡ് നേടിയ 290 റൺസിന്റെ വിജയമാണ് പഴങ്കഥയായത്. 391 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയെ മൊഹമ്മദ് സിറാജും മൊഹമ്മദ് ഷമിയും കൂടി തകർക്കുകയായിരുന്നു. വെറും 73 റൺസിന് ശ്രീലങ്ക ഓൾ ഔട്ടാവുകയായിരുന്നു.
അഷൻ ബന്ദാരക്ക് പരിക്കിനെ തുടർന്ന് ബാറ്റ് ചെയ്യാൻ കഴിയാഞ്ഞതോടെ ഇന്ത്യയ്ക്ക് ജയിക്കാൻ ശ്രീലങ്കയുടെ 9 വിക്കറ്റുകൾ വീഴ്ത്തിയാൽ മതിയായിരുന്നു. മൊഹമ്മദ് ഷമിയും കുൽദീപ് യാദവും രണ്ടു വിക്കറ്റുകൾ വീതവും മൊഹമ്മദ് സിറാജ് നാലു വിക്കറ്റുകളും വീഴ്ത്തി. ചമിക കരുണ രത്നെ റണ്ണൗട്ടായി. ശ്രീലങ്കൻ നിരയിൽ ആകെ മൂന്നു പേർക്കേ രണ്ടക്കം കടക്കാൻ കഴിഞ്ഞുള്ളൂ. ഓപ്പണർ നുവാനിഡു ഫെർണാണ്ടൊ 19 ഉം ക്യാപ്ടൻ ഷാനക 11 ഉം കസുൻ രജിത പുറത്താകാതെ 13 റൺസും നേടിയതൊഴിച്ചാൽ ശ്രീലങ്കൻ ബാറ്റ്സ്മാന്മാർ പവലിയനിലേക്ക് ഘോഷയാത്ര നടത്തുകയായിരുന്നു.
ആദ്യ പത്ത് ഓവറുകളിൽ തന്നെ 5 മുൻ നിര ബാറ്റർമാരെ ഇന്ത്യൻ ബൗളർമാർ പുറത്താക്കി. ഇതോടെ തകർന്ന ശ്രീലങ്കൻ ബാറ്റിംഗ് നിരയ്ക്ക് പിന്നെ കരകയറാനായില്ല. വലിയ തോൽവി ഒഴിവാക്കാൻ ക്യാപ്ടൻ ഷാനക പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും കുൽദീപ് യാദവിന്റെ ഒന്നാന്തരമൊരു പന്തിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെയും മുൻ നായകൻ വിരാട് കോഹ്‌ലിയുടേയും സെഞ്ച്വറിക്കരുത്തിലാണ് 5 വിക്കറ്റ് നഷ്ടത്തിൽ 390 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 110 പന്തിൽ 13 ബൗണ്ടറികളും 8 സിക്സറുകളും പറത്തിയാണ് കോഹ്‌ലി 166 റൺസ് നേടി പുറത്താകാതെ നിന്നത്. 97 പന്തിൽ 14 ബൗണ്ടറികളുടേയും 2 സിക്സറുകളുടേയും സഹായത്തോടെയാണ് യുവതാരം ശുഭ്മാൻ ഗിൽ 116 റൺസ് നേടിയത്. ക്യാപ്ടൻ രോഹിത് ശർമ്മ 42 ഉം ശ്രേയസ് അയ്യർ 38 ഉം റൺസ് നേടി. ഓപ്പണിംഗ് സഖ്യം നേടിയ 95 റൺസാണ് ഇന്ത്യയുടെ പടുകൂറ്റൻ സ്കോറിന് അടിത്തറയായത്. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ശുഭ്മാൻ ഗിൽ – കോഹ്‌ലി സഖ്യം 131 റൺസും തുടർന്ന് കോഹ്ലി ശ്രേയസ് അയ്യർ സഖ്യം 108 റൺസും നേടി.
വിരാട് കോഹ്‌ലി സച്ചിന്റെ റെക്കോഡുകൾ പഴങ്കഥയാക്കി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി എന്ന സച്ചിന്റെ റെക്കോഡാണ് കോഹ്ലി തകർത്തത്. ഒരു രാജ്യത്തിനെതിരെ ഏറ്റവും കൂടുതൽ സെഞ്ച്വറി എന്ന സച്ചിന്റെ റെക്കോഡും കോഹ്‌ലി ഇന്ന് തകർത്തു. നിലവിൽ ശ്രീലങ്കക്കെതിരെ 10 സെഞ്ച്വറികളാണ് കോഹ്ലി നേടിയത്. ആകെ സെഞ്ച്വറി നേട്ടം 46 ആക്കിയ കോഹ്ലിക്ക് ഇനി ഏകദിനത്തിൽ സച്ചിന്റെ റെക്കോഡ് തകർക്കാൻ 4 സെഞ്ച്വറികൾ കൂടി മതി. കോഹ്‌ലിയാണ് പ്ലെയർ ഓഫ് ദ മാച്ചും പ്ലെയർ ഓഫ് ദ സീരീസും.
Discussion about this post