മെൽബൺ: ഓസ്ട്രേലിയൻ ക്യാപ്ടൻ ആരോൺ ഫിഞ്ച് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ന്യൂസിലൻഡിനെതിരെ ശനിയാഴ്ച നടക്കുന്ന മത്സരം തന്റെ അന്താരാഷ്ട്ര ഏകദിന കരിയറിലെ അവസാന മത്സരമായിരിക്കുമെന്ന് താരം അറിയിച്ചു. 145 ഏകദിന മത്സരങ്ങൾ കളിച്ച ഫിഞ്ച് 54 മത്സരങ്ങളിൽ ഓസീസിനെ നയിച്ചിട്ടുണ്ട്.
അതേസമയം ട്വന്റി 20 ടീമിന്റെ ക്യാപ്ടൻ സ്ഥാനത്ത് തുടരുമെന്ന് ഫിഞ്ച് അറിയിച്ചു. 2021ൽ ഓസ്ട്രേലിയ കന്നി ട്വന്റി 20 ലോകകപ്പ് നേടുന്നത് ഫിഞ്ചിന്റെ നായകത്വത്തിൻ കീഴിലായിരുന്നു.
ഒരു ദശാബ്ദം നീണ്ടു നിന്ന ഏകദിന കരിയറിൽ 17 സെഞ്ച്വറികൾ ഉൾപ്പെടെ 5400 റൺസ് ആരോൺ ഫിഞ്ച് സ്കോർ ചെയ്തിട്ടുണ്ട്. 2013ൽ മെൽബണിൽ ശ്രീലങ്കയ്ക്കെതിരെ അരങ്ങേറ്റം കുറിച്ച താരം ആദ്യ സെഞ്ച്വറി നേടിയത് സ്കോട്ലൻഡിനെതിരെ ആയിരുന്നു.
പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് 2018ൽ സ്റ്റീവ് സ്മിത്തിനെ ടീമിൽ നിന്നും ഒഴിവാക്കിയപ്പോൾ ആരോൺ ഫിഞ്ചാണ് ഓസ്ട്രേലിയയുടെ പരിമിത ഓവർ ക്രിക്കറ്റ് ക്യാപ്ടൻ സ്ഥാനം ഏറ്റെടുത്തത്. പ്രതിസന്ധി ഘട്ടത്തിൽ ഓസീസ് ടീമിനെ നയിക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് ഫിഞ്ച് പറഞ്ഞിരുന്നു.
Discussion about this post