തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടുവന്ന 95 കിലോ കഞ്ചാവ് ആണ് പിടികൂടിയത്. കഞ്ചാവ് വിതരണത്തിനായി വാങ്ങാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകൻ ഉൾപ്പെടെയാണ് എക്സൈസ് സംഘത്തിന്റെ വലയിലായത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും തിരുവനന്തപുരത്ത് വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിതരണം ചെയ്യുന്ന സംഘമാണ് ഇവരെന്ന് എക്സൈസ് വെളിപ്പെടുത്തി. തിരുവനന്തപുരം ശ്രീശങ്കരാചാര്യ പ്രാദേശിക കേന്ദ്രത്തിലെ എസ്എഫ്ഐ മുൻ യൂണിറ്റ് സെക്രട്ടറിയായ അഖിൽ ആണ് പിടിയിലായത്.
കന്യാകുമാരിയിലേക്ക് കുടുംബമായി വിനോദസഞ്ചാരത്തിന് പോകണമെന്ന് പറഞ്ഞ് ഇവർ ശാസ്തമംഗലത്തുളള റെന്റ് എ കാർ ഷോപ്പിൽ നിന്ന് ഇന്നോവ കാർ വാടകയ്ക്ക് എടുത്താണ് പോയത്. വാഹനത്തിൽ ജിപിഎസ് ഉണ്ടായിരുന്നത് ഇവർ അറിഞ്ഞില്ല. ഒന്നാം തീയതിയാണ് വാഹനം എടുത്തത്. ഉടമ ജിപിഎസ് ട്രാക്ക് ചെയ്തപ്പോൾ കന്യാകുമാരിയിലേക്കെന്ന് പറഞ്ഞ വാഹനം ആന്ധ്രയിലേക്കാണ് സഞ്ചരിക്കുന്നതെന്ന് വ്യക്തമായി.
വിജയവാഡ ഉൾപ്പെടെ ആന്ധ്രയിൽ കഞ്ചാവ് സുലഭമായി കിട്ടുന്ന സ്ഥലത്തേക്കാണ് സംഘത്തിന്റെ യാത്രയെന്ന് റെന്റ് എ കാർ ഷോപ്പ് ഉടമയ്ക്ക് സംശയം തോന്നി. തുടർന്ന് എക്സൈസ് സംഘത്തെ വിവരം അറിയിക്കുകയായിരുന്നു. ഇവർ തിരിച്ചുവരുന്നത് കാത്തുനിന്ന എക്സൈസ് സംഘം കളിയിക്കാവിള ചെക് പോസ്റ്റ് കടന്ന് കേരളത്തിലേക്ക് എത്തിയത് മുതൽ പിന്തുടർന്നു. കോവളം ബൈപ്പാസ് വഴി കണ്ണേറ്റുമുക്കിലെത്തി അവിടെ കാത്ത് നിന്നവർക്ക് കഞ്ചാവ് കൈമാറാൻ ആയിരുന്നു പദ്ധതി.
ഇതനുസരിച്ച് കഞ്ചാവ് വാങ്ങാൻ എത്തിയവരാണ് അഖിലും മറ്റൊരാളും. വാഹനം പാർക്ക് ചെയ്തപ്പോഴേക്കും എക്സൈസ് സംഘം ഇവരെ പിടികൂടുകയായിരുന്നു. വാഹനത്തിൽ ഒരു സ്ത്രീ ഉണ്ടായിരുന്നു. എക്സൈസ് പിടികൂടിയപ്പോഴേക്കും ഇവർ ഇറങ്ങി ഓടി. ഒപ്പമുണ്ടായിരുന്ന മറ്റൊരാളും രക്ഷപെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ പോലീസ് ഇവരെ പിടികൂടി. പോലീസ് പരിശോധന മറികടക്കാൻ കുടുംബമെന്ന വ്യാജേന കഞ്ചാവ് കടത്തുകയായിരുന്നുവെന്നാണ് നിഗമനം. മാനവീയം വീഥിയിൽ അടക്കം കഞ്ചാവ് വിൽക്കുന്ന സംഘമാണ് പിടിയിലായതെന്ന് എക്സൈസ് പറഞ്ഞു.
Discussion about this post