സിംഗപ്പൂര്‍: അടുത്ത വര്‍ഷം പകുതിയോടെ രാജ്യത്ത് ചരക്കു സേവന നികുതി നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-സിംഗപ്പൂര്‍ സാമ്പത്തിക കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് മോദിയുടെ പ്രഖ്യാപനം.
പ്രതിരോധം, ഷിപ്പിംഗ്, വ്യോമയാനം തുടങ്ങിയ മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്ന പത്ത് കരാറുകളില്‍ ഇന്ത്യയും സിംഗപ്പൂരും ഒപ്പുവച്ചു.
ഭീകരതയാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. . ഭീകരതയ്ക്ക് അതിരുകളില്ല, മതം ദുരുപയോഗം ചെയ്താണ് ഭീകരര്‍ ആളെക്കൂട്ടുന്നത്. രാജ്യങ്ങള്‍ ഇത്തരം ഭീകരതയ്ക്ക് എതിരെ ഒന്നിക്കണം.ഓരോ രാജ്യവും തങ്ങള്‍ ഭീകരതയെ സഹായിക്കുന്നില്ലെന്നും ഒരു തരത്തിലും പ്രോല്‍സാഹിപ്പിക്കുന്നില്ലെന്നും ഉറപ്പുവരുത്തണം.മതത്തെ ഭീകരതയില്‍ നിന്ന് വേര്തിരിച്ചുകാണേണ്ടതുണ്ടെന്നും മോദി പറഞ്ഞു.
രാജ്യത്ത് കൂടുതല്‍ വിദേശ നിക്ഷേപം കൊണ്ടു വരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇന്ത്യ-സിംഗപ്പൂര്‍ സാമ്പത്തിക കണ്‍വെന്‍ഷനിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന. മറ്റന്നാള്‍ തുടങ്ങാനിരിക്കുന്ന ശീതകാല സമ്മേളനത്തില്‍ നിലവിലെ ചരക്കു സേവന നികുതി ബില്ലിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമുന്നയിക്കാനിരിക്കെയാണ് മോദിയുടെ പ്രസ്താവനയെന്നതും പ്രാധാന്യമുള്ളതാണ്.
സിംഗപ്പൂരിലെ ഇസ്താനയില്‍ പ്രസിഡണ്ടിന്റെ കൊട്ടാരത്തില്‍ പ്രൗഢ ഗംഭീരമായ സ്വീകരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചത്. സിംഗപ്പൂര്‍ പ്രസിഡണ്ട് ടോണി കെങ് യാമുമായി മോദി കൂടിക്കാഴ്ച നടത്തി. പ്രതിരോധം ഷിപ്പിംഗ്,വ്യോമയാനം എന്നിവയുള്‍പ്പെടെയുള്ള മേഖലകളുമായി ബന്ധപ്പെട്ടുള്ള പത്ത് കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു.
സിംഗപ്പൂരിലെ ഐഎന്‍എ സ്മാരക മന്ദിരം നരേന്ദ്ര മോദി സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയെ കാണാന്‍ ഇന്ത്യന്‍ പതാകയുമായി നിരവധി കുട്ടികളാണ് കാത്തു നിന്നത്. സുഭാഷ് ചന്ദ്ര ബോസിന്റെ ചിത്രത്തില്‍ മോദി പൂക്കളര്‍പ്പിച്ചു.
സൈബര്സുരക്ഷയുള്പ്പെടെ ഇന്ത്യയും മലേഷ്യയും ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖുമായുള്ള ചര്‍ച്ചകളെത്തുടര്‍ന്നായിരുന്നു ധാരണപത്രം ഒപ്പുവെച്ചത്.
സൈബര്‍ സുരക്ഷ സംബന്ധിച്ച ധാരണാപത്രം ഏറെ പ്രധാനപ്പെട്ടതാണെന്ന് റസാഖുമൊത്തുള്ള സംയുക്തവാര്‍ത്താസമ്മേളനത്തില്‍ മോദി പറഞ്ഞു. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ ദ്രുതകര്‍മസേനയും(സെര്‍ട്ട്ഇന്‍) സൈബര്‍ സെക്യൂരിറ്റി മലേഷ്യയും തമ്മില്‍ സഹകരണം ശക്തിപ്പെടുത്തുന്നതാണ് സൈബര്‍ സുരക്ഷ സംബന്ധിച്ച ധാരണാപത്രം. സൈബര്‍ ആക്രമണങ്ങളുള്പ്പെടെയുള്ളവ സംബന്ധിച്ച് ഇരുവരും വിവരങ്ങള്‍ കൈമാറാനും ധാരണയായി.
പൊതുഭരണനിര്വഹണം, സംസ്കാരം എന്നിവ സംബന്ധിച്ചുള്ളതാണ് രണ്ടു ധാരണാപത്രങ്ങള്‍. സര്‍ക്കാര്‍ പദ്ധതികളുടെ നിര്‍വഹണം, നിരീക്ഷണം എന്നിവ സംബന്ധിച്ച സഹകരണമാണ് പൊതുഭരണനിര്വഹണരംഗത്ത് ഉദ്ദേശിക്കുന്നത്. സാംസ്കാരികരംഗത്തെ വിദഗ്ധരുള്‍പ്പെടെയുള്ളവരുടെ പരസ്പര സന്ദര്‍ശനത്തിലൂടെ ഈ രംഗത്തെ സഹകരണം മെച്ചപ്പെടുത്താനുദ്ദേശിച്ചുള്ളതാണിത്.
ഇരുരാജ്യങ്ങളും പ്രതിരോധരംഗത്തെ സഹകരണം ശക്തമാക്കുമെന്നും മെയ്ക്ക് ഇന്‍ ഇന്ത്യ, സ്മാര്‍ട്ട് സിറ്റി പദ്ധതികളില്‍ മലേഷ്യ കൂടുതല്‍ സഹകരിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നും മോദി പറഞ്ഞു.
തിങ്കളാഴ്ച റസാഖുമായുള്ള ചര്‍ച്ചയ്ക്ക് പൂന്തോട്ടനഗരമായ പുത്രജയയിലെത്തിയ മോദിക്ക് ഊഷ്മളമായ സ്വീകരണം ലഭിച്ചു. പിന്നീട് ലിറ്റില്‍ ഇന്ത്യ എന്നറിയപ്പെടുന്ന ബ്രിക്ഫീല്ഡില് ഹിന്ദുബുദ്ധ ക്ഷേത്രങ്ങളിലേക്കുള്ള ടൊറാന കവാടം രണ്ടു പ്രധാനമന്ത്രിമാരും ചേര്‍ന്ന് ഉദ്ഘാടനംചെയ്തു. രണ്ടു രാജ്യങ്ങളുടെയും സാംസ്കാരികപാരമ്പര്യം പ്രകടിപ്പിക്കുന്നതാണ് കവാടമെന്ന് മോദി അഭിപ്രായപ്പെട്ടു.
Discussion about this post