ബംഗളൂരു: രാജ്യത്ത് കോവിഡ് ഭീതി വീണ്ടും ഉയരുന്ന സാഹചര്യത്തിൽ മുതിർന്ന പൗരന്മാരോട് മാസ്ക് ധരിക്കാൻ നിർദ്ദേശിച്ച് കർണടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു. മുതിർന്ന പൗരന്മാരും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും മാസ്ക് ധരിക്കണമെന്നാണ് അദ്ദേഹം അഭ്യർത്ഥിച്ചിരിക്കുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതലുകൾ മാത്രണമാണ് നിർദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലടക്കം കോവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.
സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. ഞായറാഴ്ച മാത്രം 111 കേസുകൾ കൂടി സംസ്ഥാനത്ത് സ്ഥിരീകരിച്ചു എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. രാജ്യത്തുടനീളം ആകെ സ്ഥിരീകരിച്ചത് 122 കേസുകളാണ്.
നിലവിൽ രാജ്യത്ത് 1828 ആക്ടീവ് കേസുകളാണ് ഉള്ളത്. കേരളത്തിൽ മാത്രം 1634 കേസുകളാണ് സജീവമായി നിലനിൽക്കുന്നത്. തമിഴ്നാട്ടിൽ 15 പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. കർണാടകയിൽ ഇന്നലെ രണ്ട് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ആക്ടീവ് കേസുകളുടെ എണ്ണം 60 ആയി ഉയർന്നു. ഗോവയിൽ രണ്ട് കേസുകളും ഗുജറാത്തിൽ ഒരു കേസും ഇന്നലെ അധികമായി റിപ്പോർട്ട് ചെയ്തു.
കൊവിഡിന് സ്വീകരിച്ച മുൻകരുതലുകൾ തന്നെ പൊതുജനങ്ങൾ പാലിക്കണം എന്ന് വിദഗ്ധർ നിർദേശിച്ചു. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈകൾ ഇടയ്ക്കിടെ കഴുകുക, ശുചിത്വം പാലിക്കുക എന്നിവയാണ് പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങൾ.
Discussion about this post