ലോകത്തെ മുഴുവൻ പിടിച്ചുലച്ച ഒന്നായിരുന്നു കോവിഡ് മഹാമാരി. ലോകത്തൊട്ടാകെ എണ്ണിയാലൊടുങ്ങാത്തത്ര ജീവനുകളാണ് പൊലിഞ്ഞത്. എന്നാൽ, കോവിഡിനെ തുടർന്നുണ്ടായ യോക്ഡൗൺ ഭൂമിക്ക് ഒരു തരത്തിൽ നിരവധി ഗുണങ്ങളും ഉണ്ടായിരുന്നു. ഭൂമിയിലെ മലിനീകരണതോതിലുൾപ്പെടെ വലിയ രീതിയിൽ കുറവ് സംഭവിച്ചു.
എന്നാൽ, ഇ ലോക്ഡൗൺ ഭൂമിയിൽ മാത്രമല്ല, ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കിയെന്ന പഠനമാണ് നടത്തിയിരിക്കുന്നത്. കോവിഡ് ലോക്ഡൗൺ ചന്ദ്രനിലെ താപനിലയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയെന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലാണ് പഠനം നടത്തിയിരിക്കുന്നത്. മനുഷ്യന്റെ ഇടപെടൽ ഭൂമിയെ മാത്രമല്ല, ഭൂമിക്കപ്പുറമുള്ള പരിസ്ഥിതിയെയും ബാധിക്കുമെന്നാണ് ഈ പഠനം വിരൽചൂണ്ടുന്നത്.
അഹമ്മദാബാദ് ആസ്ഥാനമായുള്ള ഫിസിക്കൽ റിസർച്ച് ലബോറിട്ടറിയിൽ നിന്നുള്ള സംഘമാണ് നാസയുടെ ലൂണാർ റെക്കനൈസൻസ് ഓർബിറ്ററിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് ചന്ദ്രനിലെ രാത്രികാല താപനിലയെ കുറിച്ച് പഠിച്ചത്. 2017 മുതൽ 2023 വരെയുള്ള കാലയളവിലെ ചന്ദ്രനിലെ ആറ് പ്രത്യേക മേഖലകളെ കേന്ദ്രീകരിച്ചായിരുന്നു പഠനം. കോവിഡ് മൂലം ലോക്ഡൗൺ ഏർപ്പെടുത്തിയ വർഷങ്ങൾക്കാണ് സംഘം കൂടുതൽ ശ്രദ്ധ കൊടുത്തത്.
ലോക്ഡൗണിന്റെ കാലയളവിൽ ചന്ദ്രനിലെ താപനില ഗണ്യമായി കുറഞ്ഞുവെന്ന് പഠനം പറയുന്നു. മുന്നത്തെ വർഷങ്ങളെ അപേക്ഷിച്ച് ഏകദേശം 8 മുതൽ 10 കെൽവിൻ വരെ താപനിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നൂ. 2020ൽ ചന്ദ്രനിലെ ഏറ്റവും കുറഞ്ഞ താപനില 96.2 കെൽവിൻ ആയിരുന്നു. എന്നാൽ, മുൻവർഷങ്ങളിൽ ഇത് വളരെ കൂടുതലായിരുന്നുവെന്നും പഠനം വ്യക്തമാക്കി.
ലോക്ഡൗൺ കാലത്തെ മനുഷ്യന്റെ കുറഞ്ഞ ഇടപെടൽ, ഭൂമിയിൽ നിന്നും പുറംതള്ളുന്ന വികിരണത്തിൽ കാര്യമായ കുറവ് വരുത്തി. ഇതാണ് ചന്ദ്രനും തണുക്കാൻ കാരണമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഫാക്ടറികൾ അടച്ചിടുകയും റോഡുകളിലെ വാഹനങ്ങൾ കുറയുകയും ചെയ്തതോടെ, ഹരിതഗൃഹവാതകത്തിന്റെ പുറംതള്ളലും ഗണ്യമായി കുറഞ്ഞു. ഇത് ഭൂമിയിലെയും ചന്ദ്രനിലെയും അന്തരീക്ഷത്തിൽ ചൂട് കുറയാനും കാരണമായെന്ന് പഠനം ചൂണ്ടിക്കാട്ടി.
Discussion about this post