കൊച്ചി: മലബാറിലെ മുസ്ലീം കല്യാണങ്ങളിൽ സ്ത്രീകൾക്ക് ഭക്ഷണം നൽകുന്നത് അടുക്കള ഭാഗത്താണെന്നും ഇന്നും ആ സ്ഥിതിക്ക് മാറ്റമുണ്ടായിട്ടില്ലെന്നും തുറന്നു പറഞ്ഞ നടി നിഖില വിമലിനെതിരെ സൈബർ ആക്രമണം. പുതിയ സിനിമയായ അയൽവാശിയുടെ പ്രമോഷന്റെ ഭാഗമായി ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ വീഡിയോ അഭിമുഖത്തിലായിരുന്നു നിഖില വിമലിന്റെ വാക്കുകൾ.
കണ്ണൂർ സ്വദേശിനിയായ നിഖിലയോട് അവിടുത്തെ പഴയകാല കല്യാണങ്ങളെക്കുറിച്ച് ചോദിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. കല്യാണം എന്ന് കേൾക്കുമ്പോൾ ഉളള ഓർമ്മ തലേദിവസത്തെ ചോറും മീൻകറിയുമൊക്കെയാണ്. കോളജിൽ കൂടെപഠിച്ച കുട്ടികളുടെ കല്യാണങ്ങൾക്കൊക്കെ പോകാറുണ്ടായിരുന്നു. സ്ത്രീകൾ ഒക്കെ അടുക്കള ഭാഗത്ത് ഇരുന്നേ ഭക്ഷണം കഴിക്കാൻ പാടുളളൂ. ഇപ്പോഴും അങ്ങനെ തന്നെയാണ്. വലിയ മാറ്റങ്ങൾ വന്നിട്ടില്ല. അടുക്കളയുടെ പിന്നിൽ ഇരുന്നാണ് കഴിക്കുക. മുൻപിൽ ആണുങ്ങൾക്കുളള ഭക്ഷണം ഉണ്ടാകും ഇങ്ങനെയായിരുന്നു നിഖിലയുടെ മറുപടി.
താൻ നേരിട്ട് കണ്ടിട്ടുളള കാര്യമാണ് അവതാരകയുടെ ചോദ്യത്തിന് മറുപടിയായി നടി പറഞ്ഞത്. ഞാനും അവിടെ ഒരു കല്യാണത്തിന് പോയപ്പോൾ ഞെട്ടിയ കാര്യമാണെന്ന് അവതാരകയും പറയുന്നുണ്ട്. ഇതേച്ചൊല്ലിയാണ് നടിക്കെതിരെ ഒരു വിഭാഗം തീവ്ര മതാനുകൂലികൾ സൈബർ ആക്രമണം തുടങ്ങിയിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് നിഖില പങ്കുവെച്ച പോസ്റ്റുകൾക്ക് താഴെ കമന്റുകളിലൂടെയാണ് സൈബർ ആക്രമണം.
മുസ്ലീം കല്യാണങ്ങളിൽ വിവാഹശേഷം ആണുങ്ങൾ പെണ്ണുങ്ങളുടെ വീട്ടിലാണ് വന്ന് താമസിക്കുകയെന്നും അതും ഇതുപോലെ പറയണ്ട കാര്യമാണെന്നും നടി പറയുന്നു. അവിടെ മുസ്ലീങ്ങൾ കൂടുതലും പുതിയാപ്ല എന്നാണ് പറയുക. മരിക്കുന്നത് വരെ അവര് പുതിയാപ്ലയാണ്. എപ്പോ വന്നാലും അവരെ സൽക്കരിക്കുന്നു, വയസായി മരിച്ചാലും പുതിയാപ്ല മരിച്ചുവെന്നാണ് പറയുക. കണ്ണൂർ കല്യാണം എന്ന് പറയുമ്പോൾ അങ്ങനത്തെ കാര്യങ്ങളാണ് ഓർമ്മ വരുന്നതെന്ന് പറഞ്ഞാണ് നടി മറുപടി അവസാനിപ്പിക്കുന്നത്.
നിഖിലയുടെ തറവാട്ടിൽ സ്്ത്രീകൾ ഒക്കെ വാതിൽക്കലെ കോലായിൽ കാലിൻമേൽ കാൽ കയറ്റിവെച്ച് ഇരിക്കാറുണ്ടോയെന്നും ആ ഒരു വ്യത്യാസം മുസ്ലീം കല്യാണത്തിനും ഉണ്ടെന്ന് കണ്ടാൽ മതിയെന്നുമാണ് ഒരു കമന്റ്. നടിയുടെ അഭിപ്രായത്തെ പിന്തുണച്ചും നിരവധി പേരെത്തിയിട്ടുണ്ട്. അവർ പറഞ്ഞത് സത്യമാണെന്നും ഇന്നും ഇത്തരം അവസ്ഥ പല കല്യാണവീടുകളിലും കാണാമെന്നും കമന്റുകളിൽ ചിലർ സൂചിപ്പിക്കുന്നു.
Discussion about this post