തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ജനം വലയുമ്പോൾ തുർക്കിയ്ക്കും സിറിയയ്ക്കും ധനസഹായം നൽകുമെന്ന സർക്കാരിന്റെ തീരുമാനത്തെ പരിഹസിച്ച് അഡ്വ. എ ജയശങ്കർ. ഖജനാവിൽ കാശുണ്ടായിരുന്നെങ്കിൽ പാകിസ്താനും എന്തെങ്കിലും സഹായം പ്രഖ്യാപിച്ചേനേയെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
ഖജനാവിൽ കാശില്ലാത്ത സമയമായിപ്പോയി, അല്ലെങ്കിൽ തുർക്കിക്ക് നൂറും സിറിയക്ക് നൂറ്റമ്പതും കോടി വീതം കൊടുക്കാൻ തീരുമാനിച്ചേനെ. പ്രകൃതി ക്ഷോഭവും ക്ഷാമവും ഊർജ്ജ പ്രതിസന്ധിയും നിമിത്തം ആകെ കഷ്ടപ്പാടിലായ പാകിസ്താനും എന്തെങ്കിലും സഹായം പ്രഖ്യാപിക്കാമായിരുന്നു. കേരള സർക്കാരിന് പ്രഖ്യാപിക്കാനേ കഴിയൂ. പണം കൊടുക്കാൻ കേന്ദ്രം അനുവദിക്കില്ല. അത് നമുക്കറിയാം .ദേശാഭിമാനി വായിച്ചു കോരിത്തരിക്കുന്ന സഗാക്കൾക്കറിയില്ല. ബാലഗോപാലന്റെ ഉടായിപ്പു തന്നെ- ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.
ഇന്നലെ നിയമസഭയിലായിരുന്നു ഭൂചലനത്തിൽ വൻ നാശനഷ്ടം ഉണ്ടായ തുർക്കിയ്ക്കും, സിറിയയ്ക്കും ധനസഹായം നൽകുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം. ഇരു രാജ്യങ്ങൾക്കും ആവശ്യമായ സർവ്വ സഹായങ്ങളും കേന്ദ്രസർക്കാർ നൽകിവരുന്നുണ്ട്. ഇതിനിടെയാണ് 10 കോടി രൂപ ദുരിതാശ്വാസമായി നൽകുമെന്ന മന്ത്രി പറഞ്ഞത്.
ഇക്കുറി ബജറ്റിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കന്നതിനായി പല നികുതികളും വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേ അധിക വരുമാനം കണക്കാക്കി പെട്രോളിനും ഡീസലിനും രണ്ട് രൂപ അധിക സെസും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുന്നതിനിടെയാണ് 10 കോടി രൂപ ദുരിതാശ്വാസം നൽകുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം. ഇതിൽ ജനങ്ങളിൽ നിന്നും ഇതിനോടകം വിമർശനങ്ങളും ഉയർന്നു കഴിഞ്ഞു.
Discussion about this post