ആമസോണില്‍ താന്‍ രണ്ടു വര്‍ഷം മുമ്പ് ഓര്‍ഡര്‍ ചെയ്ത പ്രഷര്‍ കുക്കര്‍ കറക്ടായി വീട്ടിലെത്തിയെന്ന് യുവാവ്. രണ്ട് വര്‍ഷം മുമ്പാണ് താന്‍ ഈ കുക്കര്‍ ഓര്‍ഡര്‍ചെയ്തതെന്നും എന്നാല്‍ അതിന് പിന്നാലെ ഇത് താന്‍ ക്യാന്‍സല്‍ ചെയ്തതെന്നും അതിന്റെ റീഫണ്ട് തുക കിട്ടിയിരുന്നുവെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ്് ജയ് എന്ന യുവാവ് തനിക്കുണ്ടായ രസകരമായ അനുഭവം പങ്കുവെച്ചത്.
”ഓര്‍ഡര്‍ ചെയ്ത പ്രഷര്‍ കുക്കര്‍ രണ്ട് വര്‍ഷത്തിന് ശേഷമാണെങ്കിലും എത്തിച്ചതില്‍ ആമസോണിന് നന്ദി. ഇതൊരു സ്പെഷ്യല്‍ പ്രഷര്‍ കുക്കര്‍ ആയിരിക്കണം,” എന്ന് ജയ് എക്സില്‍ കുറിച്ചു. 2022 ഒക്ടോബര്‍ 1നാണ് ജയ് പ്രഷര്‍ കുക്കര്‍ ഓര്‍ഡര്‍ ചെയ്തത്. തൊട്ടുപിന്നാലെ ഇദ്ദേഹം ഈ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ 2024 ആഗസ്റ്റ് 28ന് പ്രഷര്‍ കുക്കറുമായി ആമസോണ്‍ ഡെലിവറി ബോയ് വീട്ടിലെത്തുകയായിരുന്നു.
എക്സില് പങ്കുവെച്ചതിന് പിന്നാലെ യുവാവിന്റെ പോസ്റ്റ് വൈറലായി. ഇതോടെ പോസ്റ്റ് ആമസോണിന്റെ ശ്രദ്ധയിലും പെട്ടു പിന്നാലെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ആമസോണ്‍ രംഗത്തെത്തുകയും ചെയ്തു. തങ്ങളുടെ സപ്പോര്‍ട്ട് ടീമിനെ ഈ പ്രശ്നം അറിയിക്കണമെന്ന് ആമസോണ്‍ യുവാവിനോട് പറയുകയും ചെയ്തു. എന്നാല്‍ എന്ത് പ്രശ്നമാണ് താന്‍ പറയേണ്ടത് എന്ന് ജയ് തിരിച്ച് ചോദിച്ചു. ഈ ഓര്‍ഡര്‍ രണ്ട് വര്‍ഷം മുമ്പ് തന്നെ താന്‍ ക്യാന്‍സല്‍ ചെയ്തതാണെന്നും അതിന് റീഫണ്ട് കിട്ടുകയും ചെയ്തുവെന്നും ജയ് പറഞ്ഞു.
എന്നാല്‍ ഇത്രയും വൈകിയെത്തിയ ഓര്‍ഡറിന് ഇനി എങ്ങനെ പണമടയ്ക്കാനാണ് എന്നും ജയ് എക്സിലെഴുതി. നിരവധി പേരാണ് ജയ്യുടെ പോസ്റ്റില്‍ പ്രതികരിച്ച് രംഗത്തെത്തിയത്. ‘ആമസോണ്‍ വലിയ പ്രഷറിലായിരുന്നു’. ഇപ്പോഴാണ് റിലീസ് ചെയ്തത്,” എന്നൊരാള്‍ കമന്റ് ചെയ്തു. 1.24 ലക്ഷം പേരാണ് ഇതിനോടകം യുവാവിന്റെ പോസ്റ്റ് കണ്ടത്.
Discussion about this post