കിബിത്തൂ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അരുണാചൽ സന്ദർശനത്തിനെതിരെ ചൈന. മേഖലയിലെ ചൈനയുടെ പരമാധികാരം ലംഘിക്കുന്നതാണ് അമിത് ഷായുടെ സന്ദർശനമെന്നാണ് ആരോപണം. ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് വാങ് വെൻബിൻ ആണ് ഇക്കാര്യത്തിൽ പ്രതികരിച്ചത്. ഇന്ത്യൻ ഉന്നതരുടെ ഇടപെടൽ അതിർത്തി മേഖലയിലെ സമാധാനത്തിനും ശാന്തതയ്ക്കും ഉചിതമല്ലെന്നും വാങ് വെൻബിൻ പറഞ്ഞു.
സാങ്‌നാൻ എന്ന് ചൈന പേരിട്ട പ്രദേശം ചൈനയുടെ മേഖലയാണെന്നും വാങ് വെൻബിൻ അവകാശപ്പെട്ടു. അടുത്തിടെ അരുണാചലിലെ 11 പ്രദേശങ്ങളുടെ പേരുകൾ ചൈന മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് അതിർത്തിയിലേക്ക് അമിത് ഷാ എത്തിയത്. കിബിത്തൂവിലെ ഐടിബിപി ക്യാമ്പ് സന്ദർശിച്ച അമിത് ഷാ അതിർത്തി ഔട്ട്‌പോസ്റ്റിലും സന്ദർശനം നടത്തി. അതിർത്തിയിലെ അടിയന്തര ഓപ്പറേഷനുകൾ നിർവ്വഹിക്കാനുളള ഐടിബിപിയുടെ തയ്യാറെടുപ്പുകൾ പരിശോധിച്ചതായും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
അതിർത്തി മേഖലയിലെ വികസനം ഉറപ്പുവരുത്തുന്ന വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഒൻപത് മിനി ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടുകളും ഐടിബിപിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായുളള 14 പദ്ധതികളും അടക്കം 120 കോടിയുടെ വികസന പദ്ധതികൾക്കാണ് അമിത് ഷാ ഇവിടെ തുടക്കമിട്ടത്.
അതിർത്തിമേഖലയിലെ ഗ്രാമവാസികളുമായും ഐടിബിപി സൈനികരുമായും ആഭ്യന്തരമന്ത്രി ആശയവിനിമയം നടത്തി. രാത്രി ഐടിബിപി സൈനികരുമൊന്നിച്ച് ഭക്ഷണം കഴിച്ച് അവരുമായി സംവദിക്കുകയും ചെയ്തു. ഐടിബിപി സൈനികരുടെ ധൈര്യവും കഴിവും ഹിമാലയൻ മേഖലയിലെ ഇന്ത്യയുടെ അതിർത്തികൾ സുരക്ഷിതമാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.
Discussion about this post