എറണാകുളം: ആരുമില്ലാത്ത നേരത്തെ വീട്ടിൽ കയറിയ അക്രമിയെ ധൈര്യപൂർവ്വം നേരിട്ട മിടുക്കിക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപം. കഴിഞ്ഞ ദിവസം അച്ഛനും അമ്മയും പുറത്തുപോയ നേരത്ത് അടുക്കളവാതിൽ വഴി വീട്ടിൽ അതിക്രമിച്ചു കടന്ന അക്രമിയെ കരാട്ടെയിലൂടെ നേരിട്ട അനഘ എന്ന കൊച്ചുമിടുക്കിക്കാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ വേദനിപ്പിക്കുന്ന അനുഭവം ഉണ്ടായത്. തന്നെക്കുറിച്ച് പുറത്തുവന്ന വീഡിയോകളിൽ ചിലർ മോശം കമന്റുകൾ ഇടുകയായിരുന്നുവെന്ന് പ്ലസ് വൺ വിദ്യാർത്ഥിനിയായ അനഘ ബ്രേവ് ഇന്ത്യ ന്യൂസിനോട് പറഞ്ഞു.
സംഭവം അറിഞ്ഞ് നിരവധി പേർ പ്രശംസിച്ചെങ്കിലും സമൂഹമാദ്ധ്യമത്തിൽ ഉയരുന്ന ചില മോശം കമന്റുകൾ വേദനിപ്പിച്ചു. തന്റെ പ്രവൃത്തി ഒരിക്കലും പ്രശസ്തയാകാൻ വേണ്ടിയല്ലായിരുന്നു. തനിക്കുണ്ടായ അനുഭവം മറ്റാർക്കെങ്കിലുമുണ്ടായാൽ ധൈര്യപൂർവ്വം നേരിടണമെന്നാണ് താൻ സമൂഹത്തിന് നൽകാൻ ശ്രമിക്കുന്ന സന്ദേശമെന്നും അനഘ കൂട്ടിച്ചേർത്തു.
അക്രമിയെ നേരിട്ട വാർത്തയറിഞ്ഞ് നിരവധി ആളുകളാണ് തന്നെ പ്രശംസിച്ചത്. അതിൽ സന്തോഷമുണ്ട്. പത്രങ്ങളിലും ഓൺലൈൻ ചാനലുകളിലുമടക്കം വാർത്തകളും വന്നു. എന്നാൽ ഈ വാർത്തകൾക്ക് താഴെയാണ് ആളുകൾ മോശം കമന്റുമായി എത്തിയതെന്ന് അനഘ പറഞ്ഞു. ആളുകളുടെ പ്രതികരണം കണ്ടപ്പോൾ സങ്കടം തോന്നി.
പ്രശസ്തിയ്ക്ക് വേണ്ടി കരുതി കൂട്ടിയുണ്ടാക്കിയ കഥയാണ് ഇതെന്നാണ് കമന്റുകൾ. എല്ലാം കേൾക്കുമ്പോൾ അവർക്ക് കഥപോലെ തോന്നുവത്രേ. പ്രശസ്തി ലഭിക്കാൻ എന്തിനാണ് താൻ ഇങ്ങനെ ചെയ്യുന്നതെന്ന് അനഘ ചോദിക്കുന്നു. വീട്ടുകാരെക്കുറിച്ചുവരെ ആളുകൾ മോശം പറയുന്നു. ഇത് വേദയുണ്ടാക്കി. പ്രശംസയിൽ ലഭിച്ച സന്തോഷമെല്ലാം ഇത് വായിച്ചപ്പോൾ ഇല്ലാതായെന്നും അനഘ പറഞ്ഞു.
അക്രമിയെ കണ്ട് ശരിക്കും ഭയന്നിരുന്നു. അപ്രതീക്ഷിതമായ സാഹചര്യത്തിൽ തന്നെക്കാൾ കരുത്തുള്ള അക്രമിയെ എങ്ങനെ നേരിടുമെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ അപ്പോൾ വീട്ടുകാരുടെ മുഖം മാത്രമാണ് മനസ്സിൽ തെളിഞ്ഞത്. താൻ ഏക മകളാണ്. ജീവൻ രക്ഷിച്ചേ മതിയാകൂ. അതിനാലാണ് സർവ്വ ശക്തിയും എടുത്ത് നേരിട്ടത്.
പ്രശസ്തിയ്ക്ക് വേണ്ടിയായിരുന്നുവെങ്കിൽ തനിക്ക് ചെയ്യാൻ മറ്റ് പല കാര്യങ്ങളും ഉണ്ടായിരുന്നു. കരാട്ടെ തന്നെ ഇതിനായി പ്രയോജനപ്പെടുത്താം. വീട്ടിൽ പോലും പെൺകുട്ടികൾ സുരക്ഷിതരല്ല. തനിക്ക് ഉണ്ടായ അനുഭവം ഏതൊരാൾക്കും ഉണ്ടാകാം. അതിനെ എങ്ങനെ നേരിടണം എന്ന് മാത്രമാണ് താൻ വ്യക്തമാക്കാൻ ശ്രമിക്കുന്നതെന്നും അനഘ വ്യക്തമാക്കി.
സമൂഹമാദ്ധ്യമങ്ങളിലെ കമന്റുകൾ വിഷമമുണ്ടാക്കിയതായി അനഘയുടെ പിതാവ് അരുണും പ്രതികരിച്ചു. ഇവർ കുട്ടികളാണ്. അവരുടെ കരുത്തിനെ ഇത്തരം പ്രതികരണങ്ങൾ തകർക്കും. സ്വയം പ്രതിരോധിക്കാൻ ഓരോ പെൺകുട്ടികളും പരിശീലിക്കേണ്ടത് അത്യാവശ്യമാണെന്നും അരുൺ പ്രതികരിച്ചു.
Discussion about this post