“ധർമ്മോ രക്ഷതി രക്ഷിതാ:“ എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിനു ശേഷം ആദ്യം പറഞ്ഞത് മഹാഭാരതം വന പർവ്വത്തിലെ ഈ പ്രസിദ്ധമായ ശ്ലോകമാണ്. ധർമ്മത്തെ രക്ഷിച്ചാൽ ധർമ്മം തിരിച്ചും സംരക്ഷിക്കും എന്നാണ് ഈ ശ്ലോകത്തിന്റെ സാമാന്യമായ അർത്ഥം. തന്റെ ധർമ്മം ഈ രാഷ്ട്രത്തിനു വേണ്ടി പ്രവർത്തിക്കുക എന്നതാണെന്നും കോൺഗ്രസിലെ നേതാക്കൾ ഒരു കുടുംബത്തെ രക്ഷിക്കുന്നതാണ് ധർമ്മമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ നിന്ന് രക്ഷപ്പെടണമെന്നും ഈ രാഷ്ട്രത്തിനു വേണ്ടി രാഷ്ട്രീയത്തിൽ എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ അത് ബിജെപിയിൽ ചേർന്നാൽ മാത്രമേ സാദ്ധ്യമാവുകയുള്ളൂവെന്നും അദ്ദേഹം പറയാതെ പറയുകയും ചെയ്തു.
1977 അടിയന്തിരാവസ്ഥയ്ക്ക് ശേഷമുള്ള തിരഞ്ഞെടുപ്പിൽ തോറ്റ ഇന്ദിരാ ഗാന്ധിക്ക് 1978 ൽ ചിക്മംഗളൂരുവിലെ ഉപതിരഞ്ഞെടുപ്പിൽ വീണ്ടും സീറ്റ് നൽകിയതിനെ തുടർന്നായിരുന്നു അനിൽ ആന്റണിയുടെ അച്ഛൻ എ.കെ ആന്റണി കോൺഗ്രസ് വിട്ടത്. ഒരു തരത്തിൽ അതും കുടുംബാധിപത്യത്തിനെതിരായ പോരാട്ടം തന്നെയായിരുന്നു. എന്നാൽ കേരളത്തിലേയും കേന്ദ്രത്തിലേയും രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് എ.കെ ആന്റണിക്ക് പഴയ ലാവണത്തിലേക്ക് തിരിച്ചു വരേണ്ടി വന്നു. കോൺഗ്രസിന് ബദലായി അന്ന് ദേശീയതലത്തിൽ ഒരു പാർട്ടി ഉയർന്ന് വന്നിട്ടില്ലാത്തതിനാൽ എ.കെ ആന്റണിക്ക് അതല്ലാതെ മാർഗമില്ലായിരുന്നു.
എന്നാൽ ഇന്ന് മകൻ അനിൽ ആന്റണി കോൺഗ്രസ് വിടുമ്പോൾ അവിടെ ഒരു തിരിച്ച് വരവ് കോൺഗ്രസ് പ്രതീക്ഷിക്കേണ്ടതില്ല എന്നതാണ് സത്യം. കാരണം ഭാരതീയ ജനതാപാർട്ടി ഇന്ന് ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ സംഘടനയാണ്. കേന്ദ്രത്തിൽ മാത്രമല്ല ഏതാണ്ട് ഇരുപതോളം സംസ്ഥാനങ്ങളിൽ പാർട്ടിക്കും സഖ്യകക്ഷികൾക്കും കൂടി ഭരണമുണ്ട്. കോൺഗ്രസ് ഇങ്ങിനി വരാതവണ്ണം തകർച്ചയുടെ പടുകുഴിയിലുമാണ് താനും. അങ്ങനെ നോക്കുമ്പോൾ അനിൽ ആന്റണി എടുത്ത തീരുമാനം ബുദ്ധിപൂർവ്വമാണെന്നതിൽ സംശയമൊന്നുമില്ല.
പൊതുവെ ദേശീയ ചിന്താഗതി ഉള്ള ഏതൊരാളും എത്തിച്ചേരുക സംഘപരിവാർ പ്രസ്ഥാനങ്ങളിലായിരിക്കും എന്നത് നിരവധി ഉദാഹരണങ്ങളിലൂടെ തെളിഞ്ഞതാണ്. വർഗ ജാതി വർണ മത വ്യത്യാസമില്ലാതെ അത് സംഭവിച്ചിട്ടുമുണ്ട്. ദേശീയ ചിന്താഗതി ഉള്ള ഒരാൾക്ക് കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ കഴിയില്ല. കോൺഗ്രസാകട്ടെ ദേശീയ ചിന്താധാരയിൽ നിന്ന് അകന്നു പോയ്ക്കൊണ്ടിരിക്കുന്നു. സ്വാഭാവികമായും ഒരു ദേശീയവാദിയായ അനിലിന് ബിജെപിയല്ലാതെ മറ്റൊരു പ്രസ്ഥാനത്തെ തിരഞ്ഞെടുക്കുക സാദ്ധ്യമല്ലായിരുന്നു.
കോൺഗ്രസിൽ അപൂർവ്വമായ ബൗദ്ധിക വ്യക്തിത്വങ്ങളുമായി സ്ഥിരം സംവദിക്കുന്ന ആളായിരുന്നു അനിൽ. അക്കാഡമിക് മേഖലയിൽ കഴിവ് തെളിയിച്ചു. നിരവധി കമ്പനികളിൽ ഉന്നത ഉദ്യോഗം വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗിൽ ആയിരുന്നു ബിരുദം നേടിയത്. പിന്നീട് സ്റ്റാൻഫോഡ് സർവകലാശാലയിൽ നിന്ന് മാസ്റ്റർ ബിരുദം. തുടർന്ന് വിവിധ കമ്പനികളിൽ പ്രധാന ചുമതലകൾ വഹിച്ചു. ഇതിനിടയിലായിരുന്നു കെപിസിസിയുടെ ഡിജിറ്റൽ മീഡിയ സെൽ കൺവീനറായത്. 2019 ലായിരുന്നു സ്ഥാനാരോഹണം. തുടർന്ന് 2020 ൽ കോൺഗ്രസിന്റെ സോഷ്യൽ മീഡിയ ആൻഡ് ഡിജിറ്റൽ കമ്യൂണിക്കേഷൻ നാഷണൽ കോ- ഓർഡിനേറ്ററായി അനിൽ.
ബിബിസി വിഷയത്തിൽ രാഷ്ട്രതാത്പര്യത്തിനു വിരുദ്ധമാണ് കോൺഗ്രസ് എന്ന് പറയുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്തു . ബിബിസിക്ക് സാമ്രാജ്യത്വ താത്പര്യങ്ങളുണ്ടെന്നും ഇന്ത്യയുടെ ജനാധിപത്യത്തിൽ ബിബിസി ഇടപെടേണ്ട കാര്യമില്ലെന്ന് ശക്തമായി പറയുകയും ചെയ്തു. സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ അവഹേളനങ്ങളുണ്ടായെങ്കിലും നിലപാടിൽ നിന്ന് അദ്ദേഹം പിന്മാറാൻ തയ്യാറായില്ല. പറഞ്ഞതെന്തെന്നും എന്തുകൊണ്ട് അതിൽ ഉറച്ച് നിൽക്കുന്നെന്നും വ്യക്തമാക്കാൻ അദ്ദേഹത്തിന് കഴിയുകയും ചെയ്തതോടെ അനിൽ ബിജെപിയിലേക്കെന്ന ഊഹം ശക്തമാവുകയും ഒടുവിൽ അത് സംഭവിക്കുകയുമായിരുന്നു.
അനിലിന്റെ സാമൂഹ്യമാദ്ധ്യമങ്ങളിലെ ഇടപെടൽ പരിശോധിക്കുമ്പോൾ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഒരു ദേശീയ താത്പര്യം അദ്ദേഹം എക്കാലവും പുലർത്തിയിരുന്നുവെന്ന് വേണം മനസ്സിലാക്കാൻ. ഇന്നത്തെ കോൺഗ്രസിന് ഒട്ടും താത്പര്യമില്ലാത്ത കാര്യമാണല്ലോ അത്. കോൺഗ്രസിനു സംഭവിക്കുന്ന ദേശീയതയ്ക്ക് വിഘാതമാകുന്ന മൂല്യച്യുതികളിലും പരാജയങ്ങളിലും ദേശീയ രാഷ്ട്രീയത്തിലെ പോലെ കേരളത്തിലും വിഷമിക്കുന്നവരുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. എന്നാൽ ഒരു നിലപാടെടുക്കാൻ അവരെല്ലാം അശക്തരാകുമ്പോഴാണ് എകെ ആന്റണിയുടെ പാരമ്പര്യം പിന്തുടർന്ന് അനിൽ വ്യത്യസ്തനാകുന്നത്.
Discussion about this post