കോതമംഗലം; സംസ്ഥാനത്ത് വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം. കോതമംഗലം പൂയംകുട്ടി വനത്തിൽ വച്ച് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ഉറിയം പെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55) നാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.
കുഞ്ചിപ്പാറയ്ക്ക് സമീപം മഞ്ചപ്പാറ എന്ന സ്ഥലത്ത് വച്ചായിരുന്നു ആക്രമണം. ശിവദാസ്, രാജു എന്നീ ബന്ധുക്കൾ ഉൾപ്പെടെയുള്ള അഞ്ചംഗ സംഘത്തിനു നേരെയായിരുന്നു ആക്രമണം. മറ്റുളളവർ ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് രണ്ടിടങ്ങളിലുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർ മരിച്ചിരുന്നു. കോട്ടയം എരുമേലി കണമലയിൽ 2 പേരും കൊല്ലം ആയൂരിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്. കണമല അട്ടിവളവ് പ്ലാവനാക്കുഴി (പുന്നത്തുറ) തോമസ് ആന്റണി (63), പുറത്തേൽ ചാക്കോ (70), ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞൽ കുന്നുവിള വീട്ടിൽ സാമുവേൽ വർഗീസ് (രാജൻ64) എന്നിവരാണു മരിച്ചത്.
Discussion about this post