ന്യൂഡൽഹി: കശ്മീരി പണ്ഡിറ്റുകൾക്ക് ധനസഹായം പ്രഖ്യാപിച്ച് ബോളിവുഡ് നടൻ അനുപം ഖേർ. ഡൽഹിയിൽ സംഘടിപ്പിച്ച ഗ്ലോബൽ കശ്മീരി പണ്ഡിറ്റ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് ലക്ഷം രൂപയാണ് അദ്ദേഹം വാഗ്ദാനം ചെയ്തിരിക്കുന്നത്.
താൻ അഭിനയിച്ച ദി കശ്മീർ ഫയൽസ് ജമ്മു കശ്മീരിൽ നിന്നും പലായനം ചെയ്യപ്പെട്ട കശ്മീരി പണ്ഡിറ്റുകളുടെ ദുരിത കഥയാണ് പറയുന്നതെന്ന് അനുപം ഖേർ പറഞ്ഞു. നമ്മൾ ഒരുപാട് സമ്പാദിക്കുന്നവരാണ്. വിദേശ ചാരിറ്റി സംഘടനകൾക്ക് സഹായം നൽകുന്നവരാണ്. എന്നാൽ നമ്മുടെ സ്വന്തം ആളുകൾക്കും സമാനമായ രീതിയിൽ സഹായം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. അതിനാൽ കശ്മീരി പണ്ഡിറ്റുകൾക്കായി അഞ്ച് ലക്ഷം രൂപ താൻ സംഭാവന ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കശ്മീരി പണ്ഡിറ്റുകളുടെ പലായനവും അവർ നേരിടേണ്ടിവന്ന ക്രൂരതകളും വിളിച്ചോതുന്ന കശ്മീരി ഫയൽസ് ഇതിനോടകം തന്നെ നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ ദാദാസാഹെബ് ഫാൽക്കേ പുരസ്‌കാരവും ചിത്രം സ്വന്തമാക്കിയിട്ടുണ്ടെന്നകാര്യം നിങ്ങൾ അറിഞ്ഞുകാണും. ഈ സിനിമയുടെ മികവ് മാത്രമല്ല. മറിച്ച് കശ്മീരി പണ്ഡിറ്റുകളുടെ ത്യാഗം കൂടിയാണ് ചിത്രം. കശ്മീർ ഫയൽസ് തുറന്നുകാട്ടിയ സത്യങ്ങൾക്ക് ലഭിച്ച അംഗീകാരം കൂടിയാണ് പുരസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു.
ഗ്ലോബൽ കശ്മീരി പണ്ഡിറ്റ് ഡയസ്‌പോറയാണ് പരിപാടി സംഘടിപ്പിച്ചത്. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ സദ്ഗുരുവുൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കും.
Discussion about this post