തിരുവനന്തപുരം: കർണാടകയിൽ ബിജെപിയ്ക്ക് തുടർഭരണം നഷ്ടപ്പെട്ടതോടെ പാർട്ടി വിടുകയാണെന്ന കുപ്രചരണങ്ങളോട് പ്രതികരിച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളകുട്ടി. താൻ കാലുമാറിയവനല്ലെന്നും കാഴ്ചപ്പാട് മാറിയ ആളാണെന്നാണ് അബ്ദുള്ളകുട്ടി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. തന്റെ സിരകളിൽ ഒഴുകുന്ന ചോര ദേശീയ മുസ്ലിമിന്റെയാണെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സിപിഎമ്മിലേക്കോ കോൺഗ്രസിലേക്കോ എപി അബ്ദുള്ളകുട്ടി തിരിച്ചുവരുമെന്ന പോസ്റ്റുകളോടാണ് പ്രതികരണം.
രമേശ് ചെന്നിത്തലയുടെ ഉപദേശം കൊണ്ടാണ് സിപിഎം വിട്ട ശേഷം താൻ കോൺഗ്രസിലേക്ക് ചേക്കേറിയതെന്ന് അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് എംഎൽഎ ആയതുകൊണ്ട് മാത്രമാണ് തന്റെ ചുമലിൽ തല ബാക്കിയായതെന്നും ഇല്ലായിരുന്നെങ്കിൽ ടി.പി.ചന്ദ്രശേഖരന്റെ ഗതി തനിക്കും വരുമായിരുന്നെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
മോദിയെയും ബിജെപിയെയും അഭിനന്ദിച്ചത് ഗുജറാത്ത് കലാപത്തിന്റെ തീ അണയുന്നതിന് മുൻപാണ്. മോദിയുടെ വികസന രാഷ്ട്രീയം കണ്ടുപഠിക്കണം എന്ന് ഞാൻ പ്രസ്താവിച്ചത് ഹൃദയം കൊണ്ടാണ്. ഒരു ഇസ്ലാമിക രാജ്യമായ യുഎഇയിൽ (ദുബായിൽ) നിന്നായിരുന്നു ആ പ്രസ്താവന (2008ൽ) എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയിൽ ചേർന്നയുടൻ ഞാൻ പറഞ്ഞത് വളരെ കൃത്യമാണ്. ഞാൻ ഒരു ദേശീയ മുസ്‌ലിമാണ്. അത് എന്റെ ബാപ്പ പഠിപ്പിച്ചു തന്നതാണ്. ”എട്ടണക്ക് കത്തി വാങ്ങി കുത്തിവാങ്ങും പാക്കിസ്ഥാൻ” എന്ന് മുദ്രാവാക്യം വിളിച്ചവർ ഞങ്ങളുടെ നാട്ടിൽ കൂട്ടത്തിലുണ്ടായിരുന്നു. എന്റെ ബാപ്പയെ പോലുളളവർ ആ കൂട്ടത്തിലായിരുന്നില്ല. ആ ചോരയാണെടാ ഈ സിരകളിൽ ഒഴുകുന്നത്. ദേശീയ മുസ്‌ലിമിന്റെ ചോര, എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.
Discussion about this post