ലിബിയ : ലിബിയയിൽ നിന്ന് യൂറോപ്പിലേക്ക് അഭയാർത്ഥികളുമായി പോയ കപ്പൽ മുങ്ങി അപകടം. 73 പേർ മരിച്ചുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിൽ നിന്ന് പുറപ്പെട്ട കപ്പലാണ് മുങ്ങിയത്. കപ്പലിൽ 80 പേർ യാത്ര ചെയ്തിരുന്നു. ഐക്യരാഷ്ട്ര സഭ മൈഗ്രേഷൻ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.
11 മൃതദേഹങ്ങളെങ്കിലും ലിബിയൻ അധികൃതർ കണ്ടെടുത്തതായി ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) ട്വിറ്ററിലൂടെ വ്യക്തമാക്കി. അപകടത്തിൽ നിന്ന് അതിജീവിച്ച ഏഴ് പേരെ കരയ്‌ക്കെത്തിച്ചു. അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും, നില അതീവ ഗുരുതരമാണെന്നും അധികൃതർ വ്യക്തമാക്കി. ബാക്കിയുള്ളവർക്ക് വേണ്ടി തിരച്ചിൽ പുരോഗമിക്കുയാണ്. 73 പേരെ കാണാതായിട്ടുണ്ടെന്നും ഇവർ മരിച്ചതായാണ് നിഗമനമെന്നും അധികൃതർ പറഞ്ഞു.
ആഫ്രിക്കയിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നുമുള്ള അഭയാർത്ഥികളുടെ പ്രധാന ട്രാൻസിറ്റ് പോയിന്റായി ലിബിയ മാറിയിരിക്കുകയാണ്. ലിബിയയിൽ നിന്നും യൂറോപ്പിലേയ്ക്കുള്ള കടൽമാർഗമുള്ള അഭയാർത്ഥി പ്രവാഹത്തിനിടയിൽ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെടാത്തതിനാൽ പലപ്പോഴും അപകടങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്. ഐഒഎമ്മിന്റെ മിസ്സിംഗ് മൈഗ്രന്റ്‌സ് പ്രോജക്റ്റ് അനുസരിച്ച്, 2014 മുതൽ മെഡിറ്ററേനിയൻ കടലിൽ 25,821 കുടിയേറ്റക്കാരെ കാണാതായിട്ടുണ്ട്. ജനുവരി 29 വരെ, കുറഞ്ഞത് 531 കുടിയേറ്റക്കാരെ ലിബിയൻ കോസ്റ്റ് ഗാർഡ് തടഞ്ഞുനിർത്തി വടക്കേ ആഫ്രിക്കൻ രാജ്യത്തേക്ക് മടക്കി അയച്ചതായും ഐഒഎം വ്യക്തമാക്കുന്നു.
Discussion about this post