മെൽബൺ: മഹാ ശിവരാത്രി ദിനത്തിൽ ക്ഷേത്രത്തിന് നേരെ ഭീഷണി മുഴക്കി ഖാലിസ്ഥാൻ ഭീകരർ. ക്ഷേത്രത്തിൽ ഖാലിസ്ഥാൻ അനുകൂല സന്ദേശങ്ങൾ എഴുതിവയ്ക്കണമെന്നും, അല്ലാത്ത പക്ഷം വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് ഭീഷണി. ബ്രിസ്ബണിലെ പ്രസിദ്ധ ക്ഷേത്രമായ ഗായത്രി മന്ദിറിന് നേരെയാണ് ഭീകരർ ഭീഷണി മുഴക്കിയിരിക്കുന്നത്.
ശിവ രാത്രിയുടെ ഭാഗമായി വിപുലമായ ആഘോഷപരിപാടികൾ ആണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ഇതിനിടെയാണ് ഇന്നലെ വൈകീട്ടോടെ ക്ഷേത്രം അധികൃതർക്ക് ഭീഷണി സന്ദേശം ലഭിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ ഓസ്‌ട്രേലിയയിലെ നിരവധി ക്ഷേത്രങ്ങളാണ് ഖാലിസ്ഥാൻ ഭീകരർ അടിച്ചു തകർത്തിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഭീഷണി ക്ഷേത്രം അധികൃതരിലും ഹിന്ദു വിശ്വാസികളിലും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
ഗുരുവദേശ് സിംഗ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് ഭീഷണി മുഴക്കിയത് എന്ന് ക്ഷേത്രം ഉപാദ്ധ്യക്ഷൻ ജയ്‌റാം പറഞ്ഞു. ഖാലിസ്ഥാൻ പ്രസ്താനത്തിന് ഹിന്ദു വിശ്വാസികളുടെ പിന്തുണ വേണം. തങ്ങളെ പിന്തുണയ്ക്കാൻ ക്ഷേത്രത്തിലെത്തുന്ന വിശ്വാസികൾക്ക് നിർദ്ദശം നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. പാകിസ്താനിൽ നിന്നാണ് വിളിക്കുന്നത് എന്നാണ് ഇയാൾ തന്നോട് പറഞ്ഞത്.
ഇതു കഴിഞ്ഞ് അൽപ്പ നേരത്തിന് ശേഷം ക്ഷേത്രത്തിലെ പിആർഒയ്ക്ക് അമേരിക്കൻ നമ്പറിൽ നിന്നും മറ്റൊരു കോൾ വന്നു. ക്ഷേത്രത്തിൽ ഖാലിസ്ഥാൻ അനുകൂല സന്ദേശങ്ങൾ എഴുതിവയ്ക്കണം എന്നായിരുന്നു വിളിച്ചയാൾ പറഞ്ഞത്. ശിവരാത്രി ആഘോഷങ്ങൾ സമാധാന പരമായി നടക്കണമെങ്കിൽ പറഞ്ഞത് പോലെ ചെയ്യണം. അല്ലെങ്കിൽ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ജയ്‌റാം വ്യക്തമാക്കി.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഭീഷണിയുടെ പശ്ചാത്തലത്തിൽ ക്ഷേത്രത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post